വീണ്ടുമൊരു മാസ്സ് ആക്ഷനുമായി ആന്റണി വർഗീസ് പെപ്പെ; 'കൊണ്ടൽ' ട്രെയ്‌ലർ പുറത്ത്; ചിത്രം ഓണം റിലീസായെത്തും
'ആര്‍ഡിഎക്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന 'കൊണ്ടൽ'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കടലിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ആക്ഷന് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ട്രെയ്‌ലറിൽ അവതരിപ്പിച്ച നടുക്കടലിൽ വച്ചുള്ള ആക്ഷൻ രംഗങ്ങൾ തിയേറ്ററിൽ പുതിയൊരു ദൃശ്യ വിരുന്നൊരുക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ആക്ഷനും പ്രതികാരത്തിനും ഒരുപോലെ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ അജിത് മാമ്പള്ളിയാണ്. ഓണം റിലീസായി 'കൊണ്ടൽ' തിയേറ്ററിൽ എത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമ്മിച്ചിരിക്കുന്നത്
ആന്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും ചിത്രത്തിന്റെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് കൂടാതെ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ 'ടർബോ' യിലും രാജ് ബി ഷെട്ടി വേഷമിട്ടിരുന്നു. ചിത്രത്തിൽ വില്ലനായെത്തിയ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പെപ്പെയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ 'ആർഡിഎക്സ്' റിലീസിനെത്തിയതും ഓണക്കാലത്തായിരുന്നു. മറ്റൊരുത്സവകാലത്ത് വീണ്ടുമൊരു ആക്ഷൻ ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് ആന്റണി പെപ്പെ. മാസ്സ് ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തീയേറ്ററിൽ വിരുന്നു തന്നെയാവും 'കൊണ്ടൽ' എന്നാണ് ട്രെയ്‌ലർ തരുന്ന സൂചന.
നേരത്തെ കൊണ്ടലിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ കൈയ്ക്ക് പരിക്കേറ്റ ആന്റണി വർഗീസ്, തന്റെ വിരലുകളിൽ നാല് തുന്നിക്കെട്ടുമായാണ് പെരുമഴയത്തുള്ള ആക്ഷൻ സീൻ പൂർത്തിയാക്കിയത് എന്ന വാർത്ത വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ തമിഴ്‌നാട്, കര്‍ണാടക റൈറ്റുകള്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. പ്രമുഖ നിര്‍മാണ - വിതരണ കമ്പനിയായ വെങ്കട് എവി മീഡിയ ഗ്രൂപ്പാണ് ചിത്രം ഏറ്റെടുത്തത്. അതുകൊണ്ട് ചിത്രം അന്യസംസ്ഥനങ്ങളിലും ശ്രദ്ധ നേടുമെന്നാണ് കരുതേണ്ടത്. ഇതോടെ ആസിഫ് അലിയുടെ കിഷ്കിന്ധ കാണ്ഡം, ടോവിനോ തോമാസിന്റെ അജയൻ്റെ രണ്ടാം മോക്ഷണം എന്നീ ചിത്രങ്ങളോടൊപ്പം ശക്തമായൊരു ഉത്സവകാല മത്സരത്തിനൊരുങ്ങുകയാണ് 'കൊണ്ടൽ'.