എല്‍.സി.യുവില്‍ ഇനി ലിയോ ദാസില്ല; കൈതി 2ന് ശേഷം കമല്‍ ഹാസനെ വെച്ച് വിക്രം 2 ചെയ്യും; വിജയ് ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസുമായി ലോകേഷ്
എല്‍.സി.യുവില്‍ ഇനി ലിയോ ദാസില്ല
ചെന്നൈ: തമിഴകത്തെ സൂപ്പര്‍ സംവിധായകനാണ് ലോകേഷ് കനകരാജ്. 2019ല്‍ പുറത്തിറങ്ങിയ കൈതി സിനിമയിലൂടെ ലോകേഷ് സിനിമാറ്റിക് യൂനിവേഴ്സ് കനകരാജ് ആരംഭിച്ചു. ഇളയദളപതി വിജയ് നായകനായെത്തിയ ലോകേഷ് യൂനിവേഴ്‌സിലെ മറ്റൊരു ചിത്രമാണ് ലിയോ. താര നിരകൊണ്ട് ഏറെ ശ്രദ്ധേയമായ സിനിമ ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായിരുന്നു. എല്‍.സി.യുവിലെ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുകയാണ് ലോകേഷ് കനകരാജ്.
കൈതി 2 ആണ് എല്‍.സി.യുവില്‍ നിന്നും ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രമെന്ന് ലോകേഷ് പറഞ്ഞു. വിജയ് സാര്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ലിയോ ദാസ് ഇല്ലാതെ ഈ യൂനിവേഴ്‌സില്‍ ഇനി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യമാണ് ഉള്ളതെന്നും ലോകേഷ് പറഞ്ഞു. കൈതി 2ന് ശേഷം കമല്‍ ഹാസന്‍ സാറിനെ വെച്ച് വിക്രം 2 ചെയ്യണം.
റോളക്‌സ് ഒരു സ്റ്റാന്‍ഡ് അലോണ്‍ സിനിമയാണ്. അതിനെക്കുറിച്ച് ഞാനും സൂര്യ സാറും കുറേനാളായി സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സിനിമകളുടെയും എന്റെ സിനിമകളുടെയും തിരക്കുകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ അത് ചെയ്യാന്‍ കഴിയൂ. ലിയോ ദാസ് ഇല്ലാതെ ഈ യൂനിവേഴ്‌സില്‍ ഇനി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യമാണ്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ആ കഥാപാത്രത്തിനെ ഒരു റഫറന്‍സ് ആയി ഉപയോഗിക്കാവുന്നതാണെന്ന് ലോകേഷ് പറഞ്ഞു.
രജനികാന്തിനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത ചിത്രമാണ് കൂലി. ഇത് എല്‍.സി.യുവില്‍ ഉള്‍പ്പെടുന്ന ചിത്രമല്ലെന്ന് ലോകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ആഗസ്റ്റ് 14ന് തിയേറ്ററിലെത്തും.