ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് മുംബൈയിൽ തുടക്കം; രാജ് കുമാർ ഹിരാനിയുടെ മകനും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിൽ
മുംബൈ: സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് മുംബൈയിൽ തുടക്കമായി. പ്രമുഖ ബോളിവുഡ് സംവിധായകൻ രാജ് കുമാർ ഹിരാനിയുടെ മകൻ വീർ ഹിരാനിയും മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഒരുക്കുന്നത് എ.ആർ. റഹ്മാനും ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനുമാണ്.
ലിജോയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം എന്നതിലുപരി, നിരവധി പ്രത്യേകതകളുമായാണ് ഈ പുതിയ സംരംഭം എത്തുന്നത്. വീർ ഹിരാനിയുടെ സിനിമാ പ്രവേശനവും ഈ ചിത്രത്തിലൂടെയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ മലയാള ചിത്രമായ 'നായകനി'ലും ഇന്ദ്രജിത്തായിരുന്നു നായകവേഷത്തിൽ എത്തിയത് എന്ന സവിശേഷതയും ഈ ഹിന്ദി ചിത്രത്തിനുണ്ട്. ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനും ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. ലിജോയുടെ 'അങ്കമാലി ഡയറീസ്', 'ജല്ലിക്കട്ട്' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ഗിരീഷ് ആയിരുന്നു.
ഇന്ദ്രജിത്ത് ഫെബ്രുവരി 12-ന് ചിത്രീകരണത്തിൽ ചേരും. പ്രണയം, കാത്തിരിപ്പ്, മാനുഷിക ബന്ധങ്ങളിലെ സങ്കീർണ്ണതകൾ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങൾ. പ്രമുഖ നിർമ്മാതാവും സംവിധായകനുമായ ഹൻസൽ മെഹ്തയുടെ 'ട്രൂ സ്റ്റോറി ഫിലിംസും' ലിജോയുടെ 'ആമേൻ മൂവി മൊണാസ്ട്രിയും' ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ലിജോയും കരൺ വ്യാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇന്ദ്രജിത്ത് സുകുമാരന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്. 2010-ൽ പുറത്തിറങ്ങിയ 'ദ വെയിറ്റിംഗ് റൂം' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'ബന്ദർ' എന്ന മറ്റൊരു ഹിന്ദി ചിത്രത്തിലും ഇന്ദ്രജിത്ത് നിലവിൽ അഭിനയിച്ചുവരികയാണ്. ബോബി ഡിയോളും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം മുംബൈ പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. മലയാളത്തിൽ 'കാലന്റെ തങ്കക്കുടം' ആണ് ഇന്ദ്രജിത്തിന്റെ പുതിയ ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ദ്രജിത്ത് ഒരു മുഴുനീള കോമഡി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
