എമ്പുരാനും വീണു; ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ മലയാള ചിത്രം; ചരിത്രം തീർത്ത് 'ലോക'

Update: 2025-09-20 10:19 GMT

കൊച്ചി: ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡാണ് ‘ലോക’ സ്വന്തമാക്കിയിരിക്കുന്നത്. 268 കോടി രൂപ കളക്ഷൻ നേടിയ ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ റെക്കോർഡാണ് ‘ലോക’ മറികടന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത ഇന്ത്യൻ ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും മികച്ച കളക്ഷനാണിത്. റിലീസ് ചെയ്ത് 24 ദിവസങ്ങൾക്കുള്ളിൽ ചിത്രം ഈ നേട്ടം കൈവരിച്ചത്.

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തെ മറികടന്ന് ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘എമ്പുരാൻ’റെ റെക്കോർഡാണ് മാസങ്ങൾക്കകം ‘ലോക’ തിരുത്തിക്കുറിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന ബഹുമതിയും ‘ലോക’ക്കാണ്. കേരളത്തിൽ നിന്ന് 100 കോടി രൂപ നേടുന്ന രണ്ടാമത്തെ ചിത്രവും ഇതുതന്നെയാണ്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണ മികവാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കേരളത്തിൻ്റെ ചരിത്രവുമായി ബന്ധപ്പെട്ട കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ ഒരുക്കിയ 'ലോക' എന്ന മായക്കാഴ്ച, ഇന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. കല്യാണി പ്രിയദർശനും നസ്‌ലനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ബൃഹത്തായ ചിത്രത്തിന് പ്രേക്ഷക പിന്തുണ വർധിച്ചു വരികയാണ്.

മേക്കിംഗ് നിലവാരത്തിലും കഥ അവതരണത്തിലും 'ലോക' മലയാള സിനിമയിൽ ഒരു പുതിയ ട്രെൻഡ് സൃഷ്ടിച്ചിരിക്കുന്നു. നിർമ്മാതാവ് ദുൽഖർ സൽമാൻ കാണിച്ച ധൈര്യത്തെയും ഏറെ പ്രശംസിക്കുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിക്കുന്ന 'ലോക', മലയാള സിനിമയിൽ പുതിയ കാഴ്ചപ്പാടുകളാണ് തുറന്നിടുന്നത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷങ്ങളും ശ്രദ്ധേയമാണ്.

Tags:    

Similar News