മുന്നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാളത്തിലെ ആദ്യ 'വാമ്പയർ' ചിത്രം ഇനി ഫോണിൽ കാണാം; ലോക: ചാപ്റ്റര്‍ 1 ചന്ദ്ര ഒടിടിയിലേക്ക്; കാത്തിരിപ്പ് അവസാനിച്ചുവെന്ന് ആരാധകർ
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ 'ലോക: ചാപ്റ്റർ 1 ചന്ദ്ര' ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചതിന് പിന്നാലെയാണ് ചിത്രത്തിൻ്റെ സ്ട്രീമിംഗ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് 50-ാം ദിവസത്തിലേക്ക് അടുക്കുമ്പോഴാണ് ഈ പ്രഖ്യാപനം. പ്രമുഖ പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാർ വഴിയാണ് ചിത്രം എത്തുന്നത്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 'ഉടൻ എത്തും' എന്ന അറിയിപ്പ് മാത്രമാണ് നിലവിലുള്ളത്.
ഓണം റിലീസായി ഓഗസ്റ്റ് 28-ന് തിയറ്ററുകളിലെത്തിയ ചിത്രം, വലിയ പ്രചാരമില്ലാമായിരുന്നിട്ടും മികച്ച പ്രേക്ഷക പ്രീതിയും 'മസ്റ്റ് വാച്ച്' എന്ന അഭിപ്രായവും നേടുകയുണ്ടായി. നിർമ്മാതാവ് ദുൽഖർ സൽമാൻ തന്നെ ചിത്രത്തിൻ്റെ വ്യാജ ഒടിടി പ്രചാരണങ്ങളെ തള്ളിക്കളഞ്ഞിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ഇതിൽ മലയാള പതിപ്പിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളും മികച്ച പ്രതികരണം നേടി. ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം, തമിഴ് പതിപ്പ് 16.44 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയപ്പോൾ, തെലുങ്ക് പതിപ്പ് 13.74 കോടി രൂപയും ഹിന്ദി പതിപ്പ് 3.74 കോടി രൂപയും നേടി.