'ക്വീൻ ഓഫ് ദ നൈറ്റ്'; സംഗീതം ജേക്‌സ് ബിജോയ്, ആലാപനം സേബ ടോമി; 'ലോക'യിലെ പുത്തൻ ഗാനം പുറത്ത്
കൊച്ചി: ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' എന്ന ചിത്രത്തിലെ 'ക്വീൻ ഓഫ് ദ നൈറ്റ്' എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ജേക്‌സ് ബിജോയ് സംഗീതം നൽകിയ ഈ ഗാനം സേബ ടോമി ആണ് രചിച്ചതും ആലപിച്ചതും. കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ ചന്ദ്രയെയാണ് ഗാനം പരിചയപ്പെടുത്തുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒറിജിനൽ സൗണ്ട് ട്രാക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. ബി കെ ഹരിനാരായണൻ വരികളെഴുതി ജേക്‌സ് ബിജോയ് ഈണം നൽകിയ ചിത്രത്തിന്റെ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ആയിരുന്നു അത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത 'ലോക' മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിട്ടുണ്ട്.
കല്യാണി പ്രിയദർശനും നസ്‌ലനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം ബോക്സ് ഓഫീസിൽ 250 കോടി രൂപയിലധികം ആഗോള കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൂടാതെ ദുൽഖർ, ടോവിനോ തോമസ് തുടങ്ങിയ അതിഥി താരങ്ങളുടെ സാന്നിധ്യവും പ്രേക്ഷകരെ ആകർഷിച്ചു. കേരളത്തിൽ ചിത്രത്തിന്റെ വലിയ റിലീസ് വേഫെറർ ഫിലിംസ് ആണ് നിർവഹിച്ചത്. ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ തുടങ്ങിയ പ്രമുഖർ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.