റെക്കോർഡുകൾ വഴിമാറി, ഇനി ഒടിടിയിലേക്ക്; ‘ലോക: ചാപ്റ്റർ വൺ-ചന്ദ്ര’യുടെ ഓൺലൈൻ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു; ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ

Update: 2025-10-24 10:47 GMT

കൊച്ചി: തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച ‘ലോക: ചാപ്റ്റർ വൺ - ചന്ദ്ര’ എന്ന ചിത്രം ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഒടിടി റിലീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഈ ഫാന്റസി ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.

കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നസ്‌ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൊവിനോ തോമസും ദുൽഖർ സൽമാനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു.

ഏഴ് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഭാഷകളിൽ ചിത്രം ലഭ്യമാകും. അഞ്ച് ഭാഗങ്ങളുള്ള ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ലോക: ചാപ്റ്റർ വൺ- ചന്ദ്ര'. മലയാളത്തിലെ ആദ്യ 300 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ലോക: ചാപ്റ്റർ 2' അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസാണ് രണ്ടാം ഭാഗത്തിലെ നായകനെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Similar News