ഇതുവരെ കേട്ടിട്ടില്ലാത്ത കഥയും..മേക്കിങ്ങും; രജനി- കമൽ ചിത്രം സംവിധാനം ചെയ്യുന്നത് ലോക്കിയോ?; ഒടുവിൽ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി തലൈവർ

Update: 2025-09-17 12:47 GMT

ചെന്നൈ: തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രമുഖ താരങ്ങളായ രജനികാന്തും കമൽഹാസനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ചിത്രത്തിന്റെ സംവിധായകനെ സംബന്ധിച്ച് വ്യാപകമായ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് രജനികാന്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ്സ് മൂവീസും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, നിലവിൽ ചിത്രത്തിൻ്റെ കഥ പോലും തീരുമാനിച്ചിട്ടില്ലെന്നും സംവിധായകനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും രജനികാന്ത് അറിയിച്ചു.

46 വർഷങ്ങൾക്ക് ശേഷം സൂപ്പർ താരങ്ങൾ വീണ്ടും ഒന്നിക്കുന്നെന്ന വാർത്ത ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയുളവാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന സൈമ അവാർഡ്സ് ചടങ്ങിൽ വെച്ചാണ് കമൽഹാസൻ ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി സൂചിപ്പിച്ചത്. "ഒരുപാട് ഇഷ്ടത്തോടെ വേർപിരിഞ്ഞ് ഇരുന്നവരാണ് ഞങ്ങൾ. ഇപ്പോൾ വീണ്ടും ഒരുമിച്ച് ഒരു ബിസ്കറ്റ് പങ്കുവെച്ച് കഴിക്കാൻ പോകുന്നു എന്ന സന്തോഷമുണ്ട്. ഞങ്ങൾക്കിടയിലെ മത്സരം പ്രേക്ഷകർ ഉണ്ടാക്കിയതാണ്; ഞങ്ങൾക്കിടയിൽ അതൊരു മത്സരമായിരുന്നില്ല," കമൽഹാസൻ അന്ന് പറഞ്ഞിരുന്നു.

തങ്ങൾ പരസ്പരം സിനിമകൾ നിർമ്മിക്കണമെന്ന ആഗ്രഹം ഏറെനാളായുണ്ടായിരുന്നെന്നും, എന്നാൽ പല കാരണങ്ങളാൽ അത് നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. "ഇനി ഈ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കേണ്ടത് ഞങ്ങളാണ്," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News