മാളികപ്പുറം 100 കോടി ഒന്നും നേടിയിട്ടില്ല; ആകെ നേടിയത് 75 കോടി മാത്രം; കണക്ക് വെളിപ്പെടുത്തി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

Update: 2025-03-10 11:45 GMT


ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ 'മാളികപ്പുറം' സിനിമ യഥാര്‍ത്ഥ്യത്തില്‍ 100 കോടി കളക്ഷന്‍ നേടിയിട്ടില്ലെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. 2022ല്‍ പുറത്തിറങ്ങിയ ചിത്രം 100 കോടി കളക്ഷന്‍ നേടി എന്ന പോസ്റ്ററുകള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ സിനിമ അത്രയൊന്നും കളക്ഷന്‍ നേടിയിട്ടില്ല എന്നാണ് നിര്‍മ്മാതാവ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാളികപ്പുറം നിര്‍മ്മിച്ചത്. ''മാളികപ്പുറം 100 കോടി കളക്ട് ചെയ്തിട്ടില്ല. ആ പടം ആകെ 75 കോടി മാത്രമേ നേടിയുള്ളൂ. സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്താണ് 75 കോടി. പക്ഷേ 2018ന്റെ 200 കോടി പോസ്റ്റര്‍ സത്യമാണ്. തിയേറ്ററില്‍ നിന്ന് 170 കോടിയോളം ആ പടം കളക്ട് ചെയ്തു.'

'ബാക്കി ഒ.ടി.ടി, സാറ്റ്‌ലൈറ്റ് എല്ലാം ചേര്‍ത്ത് 200 കോടിയുടെ ബിസിനസ് നേടി'' എന്നാണ് വേണു കുന്നപ്പിള്ളി പറഞ്ഞത്. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. മാമാങ്കം സിനിമയെ കുറിച്ചും നിര്‍മ്മാതാവ് സംസാരിക്കുന്നുണ്ട്. ''മാളികപ്പുറം പോലെ തന്നെ തന്റെ ആദ്യ ചിത്രമായ മാമാങ്കവും 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നില്ല. സിനിമയുടെ കളക്ഷന്‍ താഴോട്ട് പോയപ്പോള്‍ ഉണ്ടായ അബദ്ധമായിരുന്നു.''

''ജീവിതത്തില്‍ പല തരത്തിലെ മണ്ടത്തരങ്ങള്‍ പറ്റും. എന്റെയടുത്ത് പല ആളുകളും അന്ന് പറഞ്ഞത് ഇങ്ങനെ ഇട്ട് കഴിഞ്ഞാലേ ജനങ്ങള്‍ കയറുകയുള്ളൂ എന്നായിരുന്നു. സിനിമ തിയേറ്ററില്‍ വന്ന ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭയങ്കര കളക്ഷന്‍ ഉണ്ടായിരുന്നു. പിന്നീട്, താഴോട്ട് പോയപ്പോഴാണ് ഈ പറയുന്ന 135 കോടിയുടെ പോസ്റ്റര്‍ എഴുതാം എന്നൊക്കെ ചിലര്‍ പറഞ്ഞത്.''

''ആ സമയത്ത് പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാണ് ഇതെല്ലാം. നമ്മുടെ ആള്‍ക്കാര്‍ തന്നെ എന്റെ അടുത്ത് പറഞ്ഞു ടി ഡി എം ഹാള്‍ ഗ്രൗണ്ടില്‍ ഒരു പരിപാടി സംഘടിപ്പിച്ച് കേക്ക് മുറിക്കാമെന്ന്. അതൊക്കെ അന്നായിരുന്നു. ഇന്ന്, സിനിമ എന്താണെന്ന് പഠിച്ചു. ഡയറക്ടര്‍ എന്തെന്ന് മനസിലാക്കി അയാളുടെ സ്വഭാവം മനസിലാക്കി സിനിമ ചെയ്യാന്‍ പഠിച്ചു'' എന്നാണ് വേണു കുന്നപ്പിള്ളി പറയുന്നത്.

Tags:    

Similar News