'ഇതൊക്കെ എന്നോട് ചോദിച്ചുകൂടേ, ഈ ​ഗെറ്റപ്പ് രാജമൗലി സിനിമയുടേതാണ്'; പൃഥ്വിരാജിന്‍റെ പോസ്റ്റിന് അമ്മയുടെ കമന്റ്; സസ്‍പെന്‍സ് പൊളിച്ച് മല്ലിക സുകുമാരന്‍

Update: 2025-03-04 15:46 GMT

കൊച്ചി: അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് പൃഥ്വിരാജ്. ബി​ഗ് ബജറ്റ് തെലുങ്ക്, ഹിന്ദി, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച താരം സംവിധായകന്‍ എന്ന നിലയിലും ജനപ്രീതി നേടി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് പോകുന്നുവെന്ന് പൃഥ്വിരാജ് അറിയിച്ചത് കഴിഞ്ഞദിവസമാണ്. കുറെക്കാലം ചിത്രീകരണം നീണ്ടുപോയ വിലായത്ത് ബുദ്ധയും പൂര്‍ത്തിയാക്കിയിരുന്നു.

വരാനിരിക്കുന്ന ചിത്രത്തിലെ തന്റെ ലുക്കും അദ്ദേഹം പങ്കുവെച്ചിരുന്നു. മറ്റൊരു ഭാഷയിലെ ചിത്രമാണെന്ന സൂചന പൃഥ്വിയുടെ പോസ്റ്റിലുണ്ടായിരുന്നെങ്കിലും ഏതാണ് ചിത്രമെന്നോ ഏത് ഭാഷയിലെ ചിത്രമാണെന്നോ ഒന്നും സൂചനയുണ്ടായിരുന്നില്ല. എന്നാല്‍ ആ ആകാംക്ഷയ്ക്ക് വിരാമമിട്ടിരിക്കുകയാണ് താരത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍.

പൃഥ്വിരാജിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിന് മറുപടി നല്‍കവെയാണ് മല്ലിക സുകുമാരന്‍ 'രഹസ്യം' വെളിപ്പെടുത്തിയത്. ഷൂട്ടിങ്ങിനായി പൃഥ്വി ഉടനെ പുറപ്പെടുമെന്നും മല്ലിക സുകുമാരന്‍ കമന്റില്‍ പറഞ്ഞു. പൃഥ്വിരാജിന്റെ പോസ്റ്റിനുവന്ന രസകരമായ കമന്റിനാണ് മല്ലിക സുകുമാരന്‍ മറുപടി നല്‍കിയത്. പൃഥ്വിയുടെ പുതിയ ലുക്ക് എ.ഐ. ആണെന്നും ആരും വിശ്വസിക്കരുതെന്നുമായിരുന്നു ഈ കമന്റ്.. പിന്നാലെ മല്ലിക സുകുമാരന്‍ മറുപടി കമന്റുമായി രംഗത്തെത്തി.



പൃഥ്വിയുടെ ഫോട്ടോ എ.ഐ. ചിത്രം അല്ലെന്നും അടുത്ത രാജമൗലി സിനിമയുടേതാണെന്നുമാണ് മല്ലിക സുകുമാരന്‍ കമന്റ് ചെയ്തത്. ഷൂട്ടിങ്ങിനായി ചൊവ്വാഴ്ച രാത്രി പൃഥ്വി പുറപ്പെടും. കാര്യങ്ങള്‍ അന്വേഷിക്കാതെയുള്ള തര്‍ക്കം സിന്‍സിയും തുടങ്ങിയോ, ഇതൊക്കെ തന്നോട് ചോദിച്ചുകൂടേ എന്നുകൂടെ പറഞ്ഞാണ് മല്ലിക സുകുമാരന്‍ കമന്റ് അവസാനിപ്പിച്ചത്. ആര്‍ആര്‍ആറിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് മല്ലിക സുകുമാരന്‍ സൂചിപ്പിച്ചിരിക്കുന്നത്. 1000 കോടിക്ക് മുകളില്‍ ബജറ്റ് വരുന്ന ചിത്രമാണിത്. മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. 

Tags:    

Similar News