'വല്ല്യേട്ടൻ' സെറ്റിലെ ഫോട്ടോ പങ്കുവെച്ച് മനോജ് കെ ജയൻ; രണ്ടാം വരവും മോശമാക്കിയില്ല അറക്കൽ മാധവനുണ്ണിയും സഹോദരന്മാരും; മൂന്ന് ദിവസത്തിൽ നേടിയതെത്ര ?
കൊച്ചി: മലയാളത്തിൽ റീ റിലീസുകളുടെ കാലമാണ്. ഹിറ്റ് ചിത്രങ്ങളെ വീണ്ടും തീയേറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ അതേറ്റെടുത്തു. വർഷങ്ങൾക്ക് ശേഷം തീയേറ്ററുകളിൽ എത്തിയ സ്ഫടികം, ദേവദൂതൻ എന്നീ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഈ ചിത്രങ്ങളുടെ വീണ്ടുമെത്തിയപ്പോഴുണ്ടായ വിജയം മറ്റ് ക്ലാസ്സിക്കുകളെയും റീ റിലീസ് ചെയ്യിക്കാൻ നിർമാതാക്കളെ പ്രേരിപ്പിക്കുകയാണ്. മലയാളത്തിൽ എക്കാലത്തെയും മികച്ച മാസ് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടിയുടെ അറക്കൽ മാധവനുണ്ണി.
രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ 'വല്യേട്ടൻ' ചിത്രം ഇന്നും ആരാധകരുടെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ്. 2000 ൽ പുറത്തിറങ്ങിയ വല്യേട്ടനും വീണ്ടും തീയറ്ററുകളിൽ എത്തിയിരുന്നു. ഇരുപത്തി നാല് വർഷങ്ങൾക്കിപ്പുറം പുത്തൻ സാങ്കേതിക മികവിൽ തീയേറ്ററിൽ എത്തിയ ചിത്രത്തിനെ ആരാധാകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
നവംബർ 29ന് ആയിരുന്നു വല്ല്യേട്ടന്റെ റീ റിലീസ്. ഇതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട ഫോട്ടോകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ വല്ല്യേട്ടൻ സെറ്റിൽ നിന്നുമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മനോജ് കെ ജയൻ. ചിത്രത്തിന്റെ പ്രധാന വേഷങ്ങളിലെത്തിയ താരങ്ങളെല്ലാം ഫോട്ടോയിൽ ഉണ്ട്. റിപ്പോർട്ടുകൾ പ്രകാരം മൂന്ന് ദിവസത്തിൽ എഴുപത് ലക്ഷം രൂപ വല്ല്യേട്ടൻ നേടിയിട്ടുണ്ട്. ആദ്യദിനം ഏകദേശം 24 ലക്ഷം രൂപയാണ് മമ്മൂട്ടി ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ.
ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രശസ്തരായ ഛായാഗ്രഹകന്മാരിൽ ഒരാളായ രവി വർമ്മൻ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരുന്നത്. രാജാമണിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. ചിത്രസംയോജനം നിർവഹിച്ചത് എൽ ഭൂമിനാഥനായിരുന്നു.