ചത്താ പച്ച' ഒടിടിയിൽ; മമ്മൂട്ടിയുടെ വാൾട്ടറിന് റീ-ഡബ്ബ്; തിയേറ്ററിലെ പരിഹാസങ്ങൾക്ക് മറുപടി നൽകി അണിയറപ്രവർത്തകർ; ഏറ്റെടുത്ത് പ്രേക്ഷകർ
തിരുവനന്തപുരം: അധ്വൈത് നായർ സംവിധാനം ചെയ്ത 'ചത്താ പച്ച' ചിത്രം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിൽ എത്തിയത്. തിയേറ്ററുകളിൽ നിന്ന് 28 ദിവസങ്ങൾ പിന്നിടുമ്പോളാണ് ചിത്രം ഒടിടിയിലെത്തിയത്. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ മമ്മൂട്ടിയുടെ വാൾട്ടർ എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ ഒടിടി പതിപ്പിൽ റീ ഡബ്ബ് ചെയ്തിട്ടുണ്ട്. ഈ മാറ്റം പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്. തിയേറ്റർ റിലീസിന്റെ സമയത്ത് മമ്മൂട്ടിയുടെ വാൾട്ടർ എന്ന കഥാപാത്രത്തിന്റെ സ്ലാങ് വലിയ ചർച്ചയായിരുന്നു.
ഫോർട്ട് കൊച്ചിയിലെ പഴയ സ്ലാങാണ് താൻ ഉപയോഗിച്ചതെന്ന് മമ്മൂട്ടി വിശദീകരിച്ചിരുന്നുവെങ്കിലും, ഈ സംഭാഷണ ശൈലിക്ക് കഥാപാത്രത്തിന് വേണ്ടത്ര സ്വാധീനം ചെലുത്താനായില്ലെന്നും പരിഹാസങ്ങൾക്ക് ഇടയാക്കിയെന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ, ഒടിടിയിൽ റീ ഡബ്ബ് ചെയ്തെത്തിയ പതിപ്പ് തിയേറ്റർ വെർഷനെക്കാൾ മികച്ചതാണെന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു. ഈ മാറ്റം നേരത്തെ തിയേറ്റർ റിലീസിന് മുൻപ് ചെയ്തിരുന്നെങ്കിൽ മികച്ചൊരു ചലച്ചിത്ര അനുഭവം ലഭിക്കുമായിരുന്നു എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
2026 ജനുവരി 26-നാണ് 'ചത്താ പച്ച' തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂഇയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രം ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. വാണിജ്യപരമായി വലിയ വിജയമായിരുന്ന 'ചത്താ പച്ച', 2026-ൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നുകൂടിയാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, സിദ്ദിഖ്, ലക്ഷ്മി മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയത്.