തരംഗമായി മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം; റിലീസ് ദിനത്തിലെ കുതിപ്പ് തുടര്‍ന്ന് 'മാർക്കോ'; ബോക്സ് ഓഫീസ് തൂക്കുമെന്നുറപ്പ്; ഉണ്ണി മുകുന്ദൻ ചിത്രം ആദ്യ വാരാന്ത്യത്തില്‍ നേടിയതെത്ര ?

Update: 2024-12-23 10:56 GMT

കൊച്ചി: മോളിവുഡിൽ നിന്നും മറ്റൊരു ചിത്രം കൂടി ബ്ലോക്ക് ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുകയാണ്. മലയാളത്തിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ പിറന്ന വർഷമായിരുന്നു 2024. മോളിവുഡിലെ ഏറ്റവും വലിയ 10 ഹിറ്റുകളില്‍ ആറെണ്ണവും ഈ വര്‍ഷമാണ് റിലീസ് ചെയ്തത്. വമ്പൻ ഹൈപ്പോടെ തീയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' യാവും മലയാളത്തിലെ അടുത്ത വമ്പൻ ഹിറ്റ് എന്നാണ് കണക്ക് കൂട്ടൽ. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലർത്തുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഹനീഫ് അദേനിയാണ് സംവിധാനം ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന മാർക്കോ മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

കേരളത്തില്‍ നിന്ന് മാത്രം റിലീസ് ദിനത്തില്‍ 4.45 കോടി നേടിയ ചിത്രത്തിന്‍റെ ആഗോള ഓപ്പണിംഗ് 10.8 കോടി ആയിരുന്നു. ആദ്യ ദിനം ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിച്ചതോടെ ശനി, ഞായര്‍ ദിനങ്ങളിലും ചിത്രം കാണാൻ തിക്കും തിരക്കുമായിരുന്നു. കണക്കനുസരിച്ച് ചിത്രം കേരളത്തില്‍ നിന്ന് രണ്ടാം ദിനം 4.65 കോടിയും മൂന്നാം ദിനം 5.1 കോടിയുമാണ് നേടിയിരിക്കുന്നത്. അതായത് ഓപ്പണിംഗ് വീക്കെന്‍ഡില്‍ 14.2 കോടി കേരളത്തില്‍ നിന്ന് മാത്രം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 2.15 കോടിയും. കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യയിലെ ഓപണിംഗ് വീക്കെന്‍ഡ് ഗ്രോസ് 16.35 കോടിയാണ്. അതേസമയം വിദേശ മാര്‍ക്കറ്റുകളിലും ചിത്രം തരംഗമാവുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയ ഓപ്പണിംഗ് വീക്കെന്‍ഡ് ഗ്രോസ് 35 കോടിയോളം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags:    

Similar News