1300 കോടിയുടെ 'വാരണാസി'; ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ രാജമൗലി; 25 മിനിറ്റ് ത്രേതായുഗ എപ്പിസോഡിന് മാത്രം 300 കോടി; ആരാധകരെ ആവേശത്തിലാഴ്ത്തി ബ്രഹ്മാണ്ഡ വിസ്മയത്തിന്റെ അപ്ഡേറ്റ്

Update: 2026-02-18 14:31 GMT

ഹൈദരാബാദ്: എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വാരണാസി'യുടെ നിർമ്മാണച്ചെലവ് 1300 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ പ്രതിനായകനായും പ്രിയങ്ക ചോപ്ര നായികയായും എത്തുന്നു. ഇന്ത്യൻ സിനിമയിൽ ഇതുവരെ നിർമ്മിച്ച ചിത്രങ്ങളിൽ ഏറ്റവും വലുതായിരിക്കും 'വാരണാസി' എന്നും സൂചനകളുണ്ട്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ 25 മിനിറ്റ് ദൈർഘ്യമുള്ള ത്രേതായുഗ എപ്പിസോഡിന് മാത്രം 250 മുതൽ 300 കോടി രൂപ വരെയാണ് ബജറ്റ് വകയിരുത്തിയിരിക്കുന്നത്.

ശ്രീരാമന്‍റെ കാലഘട്ടം അതിസൂക്ഷ്മതയോടെയും മികവോടെയും അവതരിപ്പിക്കുന്ന ഈ ഭാഗത്തിന് ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. വമ്പൻ സെറ്റുകൾ, ലോകോത്തര നിലവാരമുള്ള വിഎഫ്എക്സ്, കാലഘട്ടത്തിനനുസരിച്ചുള്ള വസ്ത്രാലങ്കാരം, സങ്കീർണ്ണമായ ആക്ഷൻ കൊറിയോഗ്രഫി എന്നിവയെല്ലാം ഈ രംഗങ്ങളുടെ പ്രത്യേകതയാണ്. കൃത്രിമത്വം തോന്നാത്ത രീതിയിലുള്ള ഉയർന്ന നിലവാരമുള്ള സിജിഐ ആയിരിക്കും ത്രേതായുഗ എപ്പിസോഡിൽ ഉപയോഗിക്കുക. ഒരു സിംഗിൾ ഷോട്ടിന്റെ വിഎഫ്എക്സിന് ലക്ഷങ്ങളോ കോടികളോ ചെലവാകാമെന്നിരിക്കെ, ആയിരക്കണക്കിന് ഷോട്ടുകളുള്ള ഈ 25 മിനിറ്റ് ദൃശ്യവിസ്മയത്തിന് വൻ തുക ആവശ്യമായി വരും. ആക്ഷൻ രംഗങ്ങളിൽ മോഷൻ ക്യാപ്ചർ, ക്രൗഡ് സിമുലേഷൻ, സ്പെഷ്യൽ എഫക്ട്സ് തുടങ്ങിയ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തും.

'ബാഹുബലി', 'ആർആർആർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോള ശ്രദ്ധ നേടിയ രാജമൗലി, ഒരു മിത്തോളജിക്കൽ ചിത്രം ചെയ്യുമ്പോൾ പൂർണ്ണതയ്ക്കായി നടത്തുന്ന ശ്രമങ്ങൾ വലുതായിരിക്കും. ആഭരണങ്ങൾ, ആയുധങ്ങൾ, കെട്ടിടങ്ങളുടെ രൂപകൽപ്പന, കഥാപാത്രങ്ങളുടെ ശരീരഭാഷ എന്നിവയെല്ലാം സൂക്ഷ്മമായി പഠിച്ച് രൂപകൽപ്പന ചെയ്യാനായി വിപുലമായ ഗവേഷണങ്ങൾ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി മാത്രം 200 കോടി രൂപയാണ് നിർമ്മാതാക്കൾ നീക്കിവെച്ചിരിക്കുന്നത്. 

Tags:    

Similar News