'കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കം വീണ്ടും പരാജയപ്പെടും'; 'ദി കേരള സ്റ്റോറി'യ്ക്ക് പിന്നിൽ മതനിരപേക്ഷതയോടും ജനാധിപത്യത്തോടും അസൂയയുള്ള വിദ്വേഷ ശക്തികളാണെന്നും സജി ചെറിയാൻ
തിരുവനന്തപുരം: വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമായ 'ബിയോണ്ട് ദി കേരള സ്റ്റോറി'ക്കെതിരെ കടുത്ത വിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരളത്തെ ലോകത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ആദ്യ ഭാഗത്തിലുണ്ടായ അതേ തിരിച്ചടി രണ്ടാം ഭാഗത്തിനും നേരിടേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ശക്തമായ മതനിരപേക്ഷതയോടും ജനാധിപത്യത്തോടും ഇവിടുത്തെ വികസനത്തോടും അസൂയയുള്ള വിദ്വേഷ ശക്തികളാണ് ഇത്തരം സിനിമകൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഭാഗത്തിന് സമാനമായി വർഗീയ ചുവയുള്ള സംഭാഷണങ്ങളും രംഗങ്ങളും പുതിയ ചിത്രത്തിന്റെ ട്രെയിലറിലുമുണ്ടെന്ന ആക്ഷേപം ശക്തമാണ്.
കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രം വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്. പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഫെബ്രുവരി 27-നാണ് റിലീസ് ചെയ്യുന്നത്. കേരളത്തെ വീണ്ടും മോശമായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സിനിമയുടെ പ്രമേയമെന്ന തരത്തിലുള്ള പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ സജീവമായിട്ടുണ്ട്. ആദ്യ ചിത്രം സുദീപ്തോ സെൻ ആയിരുന്നു സംവിധാനം ചെയ്തത്.
ഇത്തവണ കേരളത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളുടെ കഥയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. 2023 മേയ് 5നാണ് കേരള സ്റ്റോറിയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തിയത്. സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിർമിച്ചത് വിപുൽ അമൃത്‌ലാൽ ഷായാണ്.കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.