കരിയറിലെ ഏറ്റവും വലിയ വിജയവുമായി ഉണ്ണി മുകുന്ദൻ; 'മാർക്കോ' 100 കോടി ക്ലബ്ബിൽ; നേട്ടം റിലീസ് ചെയ്ത് പതിനാറാം ദിനത്തിൽ; സന്തോഷം പങ്ക് വെച്ച് താരം
കൊച്ചി: ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് 'മാർക്കോ'. മാർക്കോ 100 കോടി ക്ലബ്ബിൽ ഇടനേടിയ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ആദ്യ ദിനം മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് അന്യഭാഷാ ബോക്സ് ഓഫീസുകളിലും മികച്ച പ്രതികരണമാണ് നേടിയത്. ചിത്രം മലയാളത്തിലെ അടുത്ത ബ്ലോക്ക് ബസ്റ്ററായി മാറുകയാണ്. റിലീസ് ചെയ്ത് പതിനാറ് ദിവസത്തിലാണ് ആഗോളതലത്തിൽ മാർക്കോ നൂറ് കോടി നേടിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമെന്ന ഖ്യാതിയും ഇനി മാര്‍ക്കോയ്ക്ക് സ്വന്തം.
ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിൽ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലർത്തുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഹനീഫ് അദേനിയാണ് സംവിധാനം ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന മാർക്കോ മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കരിയറിലെ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രമാണ് ജഗദീഷ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.