'കാതൽ പൊന്മാൻ..'; കോമഡി വിട്ട് കുറച്ച് റൊമാന്റിക്കായി മാത്യു; നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് ചിത്രത്തിലെ ഗാനം പുറത്ത്
കൊച്ചി: മാത്യു തോമസ് നായകനാകുന്ന 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. 'കാതൽ പൊൻമാൻ' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രണയഗാനം റിലീസ് ചെയ്തതോടെ ചിത്രത്തിൻ്റെ പ്രതീക്ഷകൾ വർദ്ധിച്ചിരിക്കുകയാണ്. യാക്‌സൻ ഗാരി പെരേരയും നേഹ എസ്. നായരുമാണ് ഗാനം സംഗീതം നൽകിയിരിക്കുന്നത്. നേഹ എസ്. നായരും വിഷ്ണു വിജയും ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്.
പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. 'പ്രണയവിലാസം' എന്ന ചിത്രത്തിന്റെ രചയിതാക്കളായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ഇതിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ.ആൻഡ്.എച്ച്.എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രം 2025 ഒക്ടോബർ 10ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം 'ഫൈറ്റ് ദ നൈറ്റ്' റാപ്പുകളിലൂടെ ശ്രദ്ധേയനായ ഗബ്രി ആദ്യമായി സിനിമയിൽ പിന്നണി ഗായകനായി എത്തിയ ഗാനമായിരുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.