'മിന്നല്‍ മുരളി'യിലെ സ്ഥലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ടീസറില്‍ റഫറന്‍സ്; സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്കിടെ കോടതി വിലക്ക്; ധ്യാന്‍ ശ്രീനിവാസന്റെ 'ഡിറ്റക്ടീവ് ഉജ്വലന്‍' പ്രതിസന്ധിയില്‍

'മിന്നല്‍ മുരളി യൂണിവേഴ്സില്‍' സിനിമ ചെയ്യുന്നത് കോടതി വിലക്കി

Update: 2024-09-14 07:27 GMT

കൊച്ചി: ടൊവിനോ തോമസ് ചിത്രം 'മിന്നല്‍ മുരളി'യിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി 'മിന്നല്‍ മുരളി യൂണിവേഴ്സില്‍' സിനിമ ചെയ്യുന്നത് കോടതി വിലക്കിയതോടെ ധ്യാന്‍ ശ്രീനിവാസന്റെ 'ഡിറ്റക്ടീവ് ഉജ്വലന്‍' പ്രതിസന്ധിയില്‍. 'മിന്നല്‍ മുരളി'യിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകള്‍, ഗ്രാഫിക് നോവലുകള്‍, സ്പിന്‍-ഓഫ് സിനിമകള്‍ എന്നിവയുടെ നിര്‍മാണത്തിനാണ് വിലക്ക്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന 'ഡിറ്റക്ടീവ് ഉജ്വലന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി ഇടപെടല്‍.

കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് 'ഡിക്ടറ്റീവ് ഉജ്വലന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മിന്നല്‍ മുരളിയിലെ സ്ഥലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ടീസറില്‍ റഫറന്‍സുകളുണ്ടായിരുന്നു. ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മിന്നല്‍ മുരളി' യൂണിവേഴ്സില്‍ ഉള്‍പ്പെട്ട സിനിമയാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയും ചൂടുപിടിച്ചു.

മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ ചിത്രത്തിന് ശേഷം വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഒരുങ്ങുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്വലന്‍. മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുക്കളായ അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് എറണാകുളം ജില്ലാ കോടതിയുടെ നടപടി. 'ഡിറ്റക്ടീവ് ഉജ്വലന്റെ നിര്‍മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ 'മിന്നല്‍ മുരളി' സിനിമയെ സംബന്ധിച്ച കോപ്പി റൈറ്റ് പോളിസികള്‍ ലംഘിക്കപെടാന്‍ പാടില്ലെന്നാണ് അറിയിപ്പില്‍ പറയുന്നത്. 'ഡിറ്റക്ടീവ് ഉജ്വലന്റെ' നിര്‍മ്മാതാവായ സോഫിയ പോള്‍, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ, അമര്‍ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീല്‍ ഗോപികൃഷ്ണന്‍, രാഹുല്‍ ജി എന്നിവര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ദ്രനീല്‍ ഗോപികൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് 'ഡിക്ടറ്റീവ് ഉജ്വലന്‍' സംവിധാനം ചെയ്യുന്നത്. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'മിന്നല്‍ മുരളി' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് 'മിന്നല്‍ മുരളി യൂണിവേഴ്സിന്' രൂപം നല്‍കുമെന്ന് സോഫിയ പോള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സീരിസിലെ ആദ്യ ചിത്രമായ ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിന് പിന്നാലെയാണ് മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുകള്‍ കോടതിയെ സമീപിച്ചത്. 'മിന്നല്‍ മുരളി' യൂണിവേഴ്സ് കോടതി വിലക്കിയതോടെ ധ്യാന്‍ ചിത്രം പ്രതിസന്ധിയിലായിരിക്കുകയാണ്.

മിന്നല്‍ മുരളി സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ബ്രൂസ് ലീ ബിജി, ജോസ്മോന്‍, പിസി സിബി പോത്തന്‍, എസ് ഐ സാജന്‍, ഷിബു തുടങ്ങിയവയെ വാണിജ്യപരമായോ അല്ലാതെയോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശത്തിലുള്ളത്. മിന്നല്‍ മുരളിയുടെ കഥ നടക്കുന്ന 'കുറുക്കന്‍ മൂല' എന്ന സ്ഥലത്തിന്റെ റെഫറന്‍സ് ഡിറ്റക്ടീവ് ഉജ്വലന്റെ ടൈറ്റില്‍ ടീസറിലും ഉണ്ടായിരുന്നു. സിനിമയിലെ വില്ലന്‍ കഥാപാത്രമായ ഷിബുവിന്റെ ക്യാരട്കറും ടീസറില്‍ കാണാം. ഇന്ദ്രനീല്‍ ഗോപികൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് ഡിറ്റക്ടറ്റീവ് ഉജ്വലന്‍ സംവിധാനം ചെയ്യുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് 2021ല്‍ പുറത്തുവന്ന ചിത്രമാണ് മിന്നല്‍ മുരളി. നെറ്റ്ഫ്ലിക്സ് റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സെപ്റ്റംബര്‍ 3ാം തിയതിയാണ് 'ഡിക്ടറ്റീവ് ഉജ്വലന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.'മിന്നല്‍ മുരളി'യിലെ സ്ഥലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ടീസറില്‍ റഫറന്‍സ്; സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്കിടെ കോടതി വിലക്ക്; ധ്യാന്‍ ശ്രീനിവാസന്റെ 'ഡിറ്റക്ടീവ് ഉജ്വലന്‍' പ്രതിസന്ധിയില്‍

Tags:    

Similar News