പ്രധാനവേഷങ്ങളിൽ ആസിഫ് അലിയും അപർണ ബാലമുരളിയും; ജീത്തു ജോസഫ് ഒരുക്കിയ 'മിറാഷ്' ഒ.ടി.ടിയിൽ; സ്ട്രീമിംഗ് സോണി ലിവിലൂടെ

Update: 2025-10-19 15:10 GMT

കൊച്ചി: ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'മിറാഷ്' എന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ പ്രദർശനം ആരംഭിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 'കൂമൻ' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിച്ച ചിത്രമാണ് 'മിറാഷ്'. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിനു ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒരുമിച്ചഭിനയിച്ച ചിത്രം കൂടിയാണിത്.

ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ഇ ഫോർ എക്സ്പിരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നിവയുടെ അസോസിയേഷനോടെ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മെഹ്ത, ജതിൻ എം. സേഥി, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ കഥ അപർണ ആർ. തറക്കാടാണ്. ശ്രീനിവാസ് അബ്രോളും ജീത്തു ജോസഫും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വി.എസ്. വിനായക് ആണ് എഡിറ്റിംഗ് നിർവഹിച്ചത്. വിഷ്ണു ശ്യാം സംഗീതം നൽകിയ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രണവ് മോഹനായിരുന്നു പ്രൊഡക്ഷൻ കൺട്രോളർ.

Tags:    

Similar News