വമ്പൻ പ്രഖ്യാപനവുമായി 'മിര്‍സാപൂര്‍' ടീം; സീരീസ് സിനിമയാക്കാൻ നിർമാതാക്കൾ; 2026 ൽ ചിത്രം പ്രദർശനത്തിനെത്തും; ആകാംഷയോടെ ആരാധകർ
മുംബൈ: ഒരുപാട് ആരാധകരുള്ള ബോളിവുഡ് സീരീസാണ് 'മിര്‍സാപൂര്‍'. മൂന്ന് സീസണുകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ക്രൈം ത്രില്ലർ വിഭാഗത്തിൽ എത്തിയ സീരീസിലെ കഥാപാത്രങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ സീരീസിന്റെ ആരാധകരെ സന്തോഷിപ്പിക്കുന്ന അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. സീരീസിനെ സിനിമയാക്കാൻ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കൾ. 2026ലാണ് ചിത്രം റിലീസ് ചെയ്യാനായി ഉദ്ദേശിച്ചിരിക്കുന്നത്. പുനീത് കൃഷ്ണയുടെ രചനയില്‍ ഗുര്‍മീത് സിങ് ആണ് ചിത്രം സംവിധാനം ചെയ്യുക.
സീരീസിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച താരങ്ങൾ തന്നെ സിനിമയിലും മുഖ്യ കഥാപാത്രങ്ങളായി എത്തുമെന്നാണ് വിവരം. പങ്കജ് ത്രിപാഠി, അലി ഫസൽ, അഭിഷേക് ബാനര്‍ജി, റസിയ ദുഗ്ഗൽ എന്നിവരായിരുന്നു സീരീസിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നത്. ആമസോണ്‍ എംജിഎം സ്റ്റുഡിയോസും എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
''മിര്‍സാപൂര്‍' അനുഭവം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഞങ്ങള്‍ക്ക് ഒരു നാഴികക്കല്ലാണ്, എന്നാല്‍ ഇത്തവണ ബിഗ് സ്‌ക്രീനിലാണ്. വിജയകരമായ മൂന്ന് സീസണുകളില്‍ പ്രേക്ഷക പ്രശംസ നേടിയ സീരീസ് ശക്തമായ കഥപറച്ചിലും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും കലീന്‍ ഭയ്യ, ഗുഡ്ഡു ഭയ്യ, മുന്ന ഭയ്യ എന്നിവര്‍ ആരാധകരുടെ മനസില്‍ ഇടം നേടി'. നിര്‍മ്മാതാക്കളായ റിതേഷ് സിധ്വാനിയും ഫര്‍ഹാന്‍ അക്തറും പറഞ്ഞു.
ഈ വർഷമാദ്യമാണ് 'മിർസാപൂർ' സീസൺ 3 സ്‌ട്രീമിംഗ് ആരംഭിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് സീരീസ് സിനിമയാകുന്ന വാർത്തകൾ പുറത്ത് വന്നത്. ആമസോൺ പ്രൈം വീഡിയോ സീരീസായ 'മിർസാപൂർ' ന്റെ ആദ്യ ഭാഗം 2018-ലും രണ്ടാം ഭാഗം 2020 ലുമാണ് റിലീസ് ചെയ്തിരുന്നത്.