മോഹൻലാൽ നായകനാകുന്ന 'വൃഷഭ'യുടെ ഡബ്ബിങ് പൂർത്തിയായി; നന്ദകിഷോർ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ് ഒക്ടോബറിൽ
ഹൈദരാബാദ്: മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യുടെ ഡബ്ബിങ് പൂർത്തിയായി. നിർമ്മാതാവ് അഭിഷേക് വ്യാസ് ആണ് ഈ വിവരം പങ്കുവെച്ചത്. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ചിത്രീകരണം പൂർത്തിയായ 'വൃഷഭ' ഈ ഒക്ടോബറിൽ പ്രദർശനത്തിനെത്തും.
കണക്റ്റ് മീഡിയ, ബാലാജി ടെലിഫിലിംസ്, എവിഎസ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ശോഭ കപൂർ, ഏക്താ ആർ കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നന്ദകിഷോർ ആണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ചിട്ടുള്ള 'വൃഷഭ', അച്ഛനും മകനും തമ്മിലുള്ള ബന്ധവും പ്രതികാരവുമാണ് പ്രമേയമാക്കുന്നത്.
ചിത്രത്തിൽ തെലുങ്ക് നടൻ റോഷൻ മെകയാണ് മോഹൻലാലിൻ്റെ മകനായി വേഷമിടുന്നത്. സഹ്‌റ എസ്. ഖാൻ, സിമ്രാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.