സമകാലിക സംഭവങ്ങളും തമാശയും ചേർത്തിണക്കി 'PDC അത്ര ചെറിയ ഡിഗ്രി അല്ല'; ചിത്രം ജൂണ്‍ 13ന് തീയേറ്ററുകളിൽ
കൊച്ചി: റാഫി മതിര സംവിധാനം ചെയ്ത ഇഫാര്‍ ഇന്റെര്‍നാഷണലിന്‍റെ ഇരുപതാമത്തെ സിനിമ 'PDC അത്ര ചെറിയ ഡിഗ്രി അല്ല' ജൂണ്‍ 13 നു റിലീസാകും. ക്യാമ്പസ് കഥ പറയുന്ന ചിത്രം ബയോ ഫിക്ഷണല്‍ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍റെ പ്രീഡിഗ്രി പഠനകാലത്തെ കൂട്ടുകാരില്‍ ചിലരുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും വന്യ മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമകാലിക സംഭവങ്ങളും സിനിമയുടെ പ്രധാന വിഷയമാണ്.
ചിത്രത്തിന്‍റെ കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ചത് നിര്‍മ്മാതാവു കൂടിയായ റാഫി മതിര തന്നെയാണ്. 2023-ല്‍ ജോഷി–സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്‍’, 2024-ല്‍ രതീഷ് രഘു നന്ദന്‍-ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്ക്ക് ശേഷം 2025-ല്‍ ഇഫാര്‍ മീഡിയ അവതരിപ്പിക്കുന്ന PDC ജൂൺ 13നു തിയെറ്റെറുകളിലെത്തും. 13 യുവതാരങ്ങള്‍ക്കു പുറമേ ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സജിലാല്‍, സന്തോഷ് കീഴാറ്റൂര്‍, ബാലാജി, സോനാ നായര്‍, വീണ നായര്‍, എസ്.ആശ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂര്‍വിള, ആനന്ദ് നെച്ചൂരാന്‍, മിനി ശ്രീ കുമാർ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൊല്ലം ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ 1996-98 കാലഘട്ടത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്ക് താമസിച്ചു പഠിക്കാന്‍ അവസരം ലഭിക്കുന്നു. അവരുടെ കലാലയ ജീവിതവും പ്രണയവും സ്വപ്നവും കൊച്ചു കൊച്ചു പിണക്കങ്ങളും എല്ലാം സിനിമയില്‍ ചര്‍ച്ചയാകുന്നു. 26 വര്‍ഷങ്ങള്‍ക്കു ശേഷം വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ വീണ്ടും സൗഹൃദം പുതുക്കുന്ന കൂട്ടുകാര്‍. അവരില്‍ ഒരാളായ ജോസഫ് മാത്യൂവും ഭാര്യയും ഒരു ഊരാക്കുടുക്കില്‍ പെടുന്നതും ഒരൊറ്റ ദിവസം കൊണ്ട് കൂട്ടുകാര്‍ പല വിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതും അയാളെയും കുടുംബത്തെയും ആ ഊരാ കുടുക്കില്‍ നിന്നും രക്ഷിക്കുന്നതുമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.
ഛായാഗ്രഹണം ഉണ്ണി മടവൂര്‍, പശ്ചാത്തല സംഗീതം റോണി റാഫേല്‍, കലാസംവിധാനം സജിത്ത് മുണ്ടയാട്, കോറിയോഗ്രഫി മനോജ് ഫിഡാക്ക്, എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍, സൗണ്ട് മിക്സിംഗ് എൻ ഹരികുമാര്‍. റാഫി മതിരയും ഇല്യാസ് കടമേരിയും എഴുതിയ വരികള്‍ക്ക് ഫിറോസ് നാഥ് സംഗീതം നല്‍കുന്നു. കെ.എസ് ചിത്ര, ഫിറോസ് നാഥ്, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്ന വ്യത്യസ്ത കാറ്റഗറികളിലുള്ള 4 ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ സവിശേഷതയാണ്.