'എല്ലാവർക്കും സിനിമയെ അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കാൻ അവകാശമുണ്ട്, ഞാൻ മൗനം പാലിക്കും'; ഇടതുപക്ഷം ഇപ്പോൾ തീവ്ര വലതു പക്ഷം; വിവാദങ്ങളോട് പ്രതികരിച്ച് മുരളി ഗോപി
കൊച്ചി: ഏറെ പ്രതീക്ഷയോടെയാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ എമ്പുരാൻ തീയേറ്ററുകളിലെത്തിയത്. എന്നാൽ ചിത്രം വലിയ രാഷ്ട്രീയ പോരുകൾക്ക് വഴിവെച്ചിരിക്കുകയാണ്. ചിത്രം ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ഇടത്- സംഘപരിവാര്‍ അനുകൂലികള്‍ തമ്മില്‍ സൈബര്‍പ്പോരും ഉയര്‍ന്നിട്ടുണ്ട്. എന്നാൽ ചിത്രത്തിനെതിരെ ഉയർന്ന് വന്ന വിമർശനങ്ങൾക്കെതിരെ മോഹൻലാലോ, പൃഥ്വിരാജോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ എമ്പുരാൻ സൃഷ്‌ടിച്ച വിവാദങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി.
'വിവാദത്തെക്കുറിച്ച് ഞാൻ പൂർണ മൗനം പാലിക്കും. അവർ അതിനെതിരെ പോരാടട്ടെ. എല്ലാവർക്കും സിനിമയെ അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കാൻ അവകാശമുണ്ട്. അവർ അത് വ്യാഖ്യാനിക്കട്ടെ. ഞാൻ മൗനം പാലിക്കും' എന്നായിരുന്നു വാർത്താ ഏജൻസിയായ പിടിഐയുമായുള്ള അഭിമുഖത്തിൽ മുരളി പ്രതികരിച്ചത്. ഇടതുപക്ഷ സംഘടനകളെയും അദ്ദേഹം വിമർശിച്ചു, 'ഇടതുപക്ഷം ഇപ്പോളില്ല. അവർ തീവ്ര വലതുപക്ഷത്താണ്.'
ഗുജറാത്തില്‍ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ അധികാരത്തിലെത്തിയ സംഘപരിവാറിനെ തുറന്നുകാണിക്കുകയാണ് സിനിമയെന്ന് ബിനീഷ് കോടിയേരിയുടേതായി വന്ന അഭിപ്രായ പ്രകടനമാണ് സിനിമയെ രാഷ്ട്രീയ ചര്‍ച്ചയാക്കിയത്. 2002ല്‍ ഇന്ത്യയെ പിടിച്ചുകുലുക്കിയ മുസ്ലീം വംശഹത്യയെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സിനിമ വ്യക്തമായി കാണിച്ചുതരുന്നു. ഫാസിസം കുഴിച്ചുമൂടാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സിനിമ മറനീക്കി കൊണ്ടുവരുന്നതെന്നും സമൂഹമാധ്യമങ്ങളിലെ ചില കുറിപ്പുകളില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നാലെ വ്യാപക ബഹിഷ്‌കരണ ആഹ്വാനവുമായി പരിവാറുകാരെത്തിയത്. നിരവധി സംഘ്പരിവാര്‍ അനുകൂല വ്യക്തികള്‍ എംപുരാന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചും നടന്മാര്‍ക്കെതിരെ അധിക്ഷേപം നടത്തുന്നുണ്ട്.
അതേസമയം, ആഗോള തലത്തില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി എമ്പുരാന്‍ മാറി. വിദേശത്തും ചിത്രം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചു. ഓവര്‍സീസ് കളക്ഷന്‍ ബോളിവുഡ് സിനിമകള്‍ക്കു ലഭിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന ഓപ്പണിങ് ആണ് എമ്പുരാന്‍ നേടിയത്. യുകെയിലും ന്യൂസിലാന്‍ഡിലുമെല്ലാം ഏറ്റവുമധികം ഓപ്പണിങ് കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമയെന്ന നേട്ടവും എമ്പുരാന്‍ നേടി. അഡ്വാന്‍സ് ബുക്കിങിലൂടെ തന്നെ ചിത്രം ആദ്യ ദിനം 50 കോടി ക്ലബ്ബിലെത്തി. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായ ലൂസിഫറിന്റെ രണ്ടാം ഭാഗം ആയി മാറിയ എമ്പുരാന്‍, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രം കൂടിയാണ്. അതേസമയം മോഹന്‍ലാല്‍- പൃഥ്വിരാജ് സുകുമാരന്‍ സിനിമ' എമ്പുരാന്‍' തിയേറ്ററുകളില്‍ എത്തി മണിക്കൂറുകള്‍ക്കകം ഓണ്‍ലൈനില്‍ ചോരുകയും ചെയ്തിരുന്നു.