സെയ്ഫിന്റെ മകന്റെ നായികയായി ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍; പ്രണയ കഥയുമായി 'നദാനിയന്‍'; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
സെയ്ഫിന്റെ മകന്റെ നായികയായി ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍;
മുംബൈ: സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്റെ ബോളിവുഡിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്. നദാനിയന്‍ എന്ന സിനിമയിലൂടെയാണ് സിനിമാ ആരങ്ങേറ്റം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഷോന ഗൗതം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ഷോന മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു. ഇബ്രാഹിമിന്റെ നായികയായി ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍ ആണ് ചിത്രത്തിലെത്തുന്നത്.
കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഗ്രൗണ്ടില്‍ ഇരിക്കുന്ന ഇബ്രാഹിമിനെയും ഖുഷിയെയുമാണ് പോസ്റ്ററില്‍ കാണാനാവുക. ഒരു ലൗവ് സ്റ്റോറിയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഡല്‍ഹിയില്‍ നിന്നുള്ള പിയ എന്ന പെണ്‍കുട്ടിയും നോയിഡയില്‍ നിന്നുള്ള അര്‍ജുന്‍ എന്ന ചെറുപ്പക്കാരനും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
തികച്ചും വ്യത്യസ്തമായ അവരുടെ രണ്ട് ലോകങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍, അവര്‍ ആദ്യ പ്രണയത്തിന്റെ കുസൃതിയും മധുരവും നിറഞ്ഞ ഒരു യാത്ര തുടങ്ങുന്നുവെന്നാണ് നെറ്റ്ഫ്‌ലിക്‌സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. മഹിമ ചൗധരി, സുനില്‍ ഷെട്ടി, ദിയ മിര്‍സ, ജുഗല്‍ ഹന്‍സ്രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധര്‍മ്മാറ്റിക് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, സോമന്‍ മിശ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.