'റെട്രോ'യെയും പിന്നിലാക്കി നാനി ചിത്രം; ഏഴു രാജ്യങ്ങളില്‍ നമ്പര്‍ വണ്‍, 23 രാജ്യങ്ങളിൽ ടോപ്പ് 10 ലിസ്റ്റില്‍; തീയേറ്ററുകളിലെ വിജയത്തിന് പിന്നാലെ ഒടിടിയിലും തരംഗമായി 'ഹിറ്റ് 3'
ഹൈദരാബാദ്: രാജമൗലി ചിത്രമായ 'ഈഗ'യിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ തെലുങ്ക് താരമാണ് നാനി. നാച്ചുറൽ സ്റ്റാർ എന്നറിയപ്പെടുന്ന നാനിയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ഹിറ്റ് 3 ദ തേര്‍ഡ് കേസ്. സൈലേഷ് കൊളാനു സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ വലിയ വിജയമായിരുന്നു. മെയ് 29നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ഇപ്പോഴിതാ ചിത്രം രാജ്യവ്യാപകമായി ഒടിടി പ്രേക്ഷകരെ ആകർഷിക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ചിത്രം ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ സ്ട്രീം ചെയ്യുന്നുണ്ട്.
ഒടിടിയിലെത്തിയ നിമിഷം മുതൽ തന്നെ ചിത്രം തരംഗമാകുകയാണ്. നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ ഒന്നാം സ്ഥാനത്തേക്ക് ചിത്രം എത്തി. സൂര്യയുടെ റെട്രോയെ മറികടന്നാണ് ഈ നേട്ടം. റെട്രോയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ ഹിറ്റ് 3 നിലവിൽ ഒന്നാം സ്ഥാനത്താണ്. കൂടാതെ 23 രാജ്യങ്ങളിൽ ആദ്യ 10 പട്ടികയിലും ചിത്രം ഇടം നേടിയിട്ടുണ്ട്. ആരാധകരെ കൂടാതെ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയും ലഭിച്ചിരുന്നു. നാനിയുടെ പ്രകടനത്തിനും വലിയ കയ്യടിയാണ് ലഭിച്ചത്.
ആഭ്യന്തര പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനാലാണ് ചിത്രം അതിവേഗം ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. അതിന്റെ പ്രതികരണം ചിത്രത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നുണ്ട്. അടുത്തതായി ആഗോള ട്രെൻഡിംഗ് പട്ടികയിൽ ഹിറ്റ് 3ക്ക് സ്ഥാനം നേടാൻ കഴിയുമോ എന്നതാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണുകൾ. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. റാവു രമേശ്, കൊമലീ പ്രസാദ് എന്നിവര്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നാനി, പ്രശാന്തി തിപിർനേനി എന്നിവരാണ് നിര്‍മ്മാതാക്കള്‍. മിക്കി ജെ. മേയറുടെ സംഗീതത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
അതേ സമയം ചിത്രത്തില്‍ സര്‍പ്രൈസ് ക്യാമിയോയായി നടന് കാര്‍ത്തി അവസാനം എത്തുന്നുണ്ട്. ഹിറ്റ് 4 ഫോര്‍ത്ത് കേസില്‍ കാര്‍ത്തിയും എസിപി വീരപ്പനാണ് നായകനായി എത്തുന്നത്. ആദ്യ വാരാന്ത്യത്തില്‍ നിന്ന് തന്നെ ചിത്രം നൂറു കോടി ക്ലബിലെത്തി. കേരളത്തിലും മോശമല്ലാത്ത പ്രതികരണവും കളക്ഷനുമാണ് ചിത്രത്തിന് ലഭിച്ചത്. നൂറു കോടി ക്ലബ്ബിൽ ഇടം നേടിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി മാറിയ ഹിറ്റ് 3, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയായി മാറിയിരുന്നു.
ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് പ്രകടനം നടത്തി കൊണ്ടിരിക്കുന്ന ചിത്രം വിദേശത്തു നിന്ന് 2 മില്യൺ ഡോളർ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ്. ആദ്യ ആഴ്ച കൊണ്ട് തന്നെ മുടക്കു മുതലും ലാഭവും സ്വന്തമാക്കിയാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കുതിച്ചത്. ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ഈ ചിത്രത്തിന്റെ വിജയത്തോടെ നാനി നേടിയത്.