'റെസ്ലിങ്' ഫാൻസുകാരെ ആവേശത്തിലാഴ്ത്തി..മലയാളത്തിൽ നിന്നുമൊരു പടം; 'ചത്ത പച്ച' റിങ് ഓഫ് റൗഡീസ് ഒഫീഷ്യൽ ടീസർ പുറത്ത്; തിയറ്റർ പൂരപ്പറമ്പാകുമെന്ന് ആരാധകർ
മലയാള സിനിമയിൽ ആദ്യമായി പൂർണ്ണമായും WWE ശൈലിയിലുള്ള ആക്ഷൻ കോമഡി ചിത്രം 'ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' ൻ്റെ ടീസർ പുറത്തിറങ്ങി. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗിൻ്റെയും അതിലെ കഥാപാത്രങ്ങളുടെയും പ്രചോദനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ടീസർ പ്രേക്ഷകശ്രദ്ധ നേടുകയാണ്.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം റീൽ വേൾഡ് എന്റർടൈൻമെൻ്റ് ആണ് നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെൻ്റ് രൂപീകരിച്ചത്. രമേഷ്, റിതേഷ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവർക്കൊപ്പം എസ്. ജോർജ്, സുനിൽ സിങ് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്.
അർജുൻ അശോകൻ നായകനാകുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 2026 ജനുവരിയിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൻ്റെ കേരളത്തിലെ വിതരണാവകാശം ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിനാണ്.
ഫോർട്ട് കൊച്ചിയിലെ ഒരു ഭൂഗർഭ റെസ്ലിംഗ് ക്ലബ് പശ്ചാത്തലമാക്കുന്ന ചിത്രത്തിൻ്റെ പ്രധാന ആകർഷണം വമ്പൻ റെസ്ലിംഗ് ആക്ഷൻ രംഗങ്ങളായിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ താരങ്ങൾ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നതെന്നും ടീസറിൽ വ്യക്തമാക്കുന്നു. സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, റാഫി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.