കങ്കുവയും ഗോട്ടും ഇനി പിന്നില്‍; തമിഴ് സാറ്റലൈറ്റ് റൈറ്റ്സില്‍ ഒന്നാമനായി തഗ്ലൈഫ്; ചിത്രം വിറ്റുപോയത് 150 കോടിക്ക്; കമലഹാസന്‍ -മണിരത്നം ചിത്രം പൂര്‍ത്തിയായി

തമിഴ് സാറ്റലൈറ്റ് റൈറ്റ്സില്‍ ഒന്നാമനായി തഗ്ലൈഫ്

Update: 2024-09-22 12:10 GMT

ചെന്നൈ: 36 വര്‍ഷങ്ങള്‍ക്കുശേഷം സംവിധായകന്‍ മണിരത്നവും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ്ലൈഫ്.ഷൂട്ടിങ്ങ് പൂര്‍ത്തിയായപ്പോഴെ ഒരു വമ്പന്‍ റെക്കോര്‍ഡാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് തുകയാണ് ഏവരെയും ഞെട്ടിക്കുന്നത്.

തഗ്ലൈഫിന്റെ സാറ്റലൈറ്റ് അവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയെന്നാണ് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമാ വിതരണക്കാരനായ കാര്‍ത്തിക് രവിവര്‍മയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 149.7 കോടിക്കാണ് ചിത്രത്തിന്റെ അവകാശം വിറ്റുപോയതെന്ന് കാര്‍ത്തിക്ക് പറഞ്ഞു.തമിഴ് സിനിമാ ചരിത്രത്തില്‍ത്തന്നെയുള്ള ഏറ്റവും വലിയ ഇടപാടാണിതെന്നും അദ്ദേഹം പറഞ്ഞു.

'വിക്രം എന്ന ചിത്രത്തിനുശേഷം കമല്‍ഹാസന്റെ വാണിജ്യമൂല്യത്തില്‍ കാര്യമായ വര്‍ധനവുണ്ട്.കൂടാതെ പൊന്നിയിന്‍ സെല്‍വന്‍ ചിത്രങ്ങളിലൂടെ മണിരത്നവും ജനപ്രീതിയില്‍ മുന്നിലെത്തി.ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്ത പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കിയിട്ടുണ്ട്.' കാര്‍ത്തിക് രവിവര്‍മ കൂട്ടിച്ചേര്‍ത്തു.

വിജയ് നായകനായെത്തിയ ഗോട്ട് (110 കോടി), സൂര്യ നായകനായെത്തുന്ന കങ്കുവാ (100 കോടി), അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി (95) എന്നീ ചിത്രങ്ങളെയാണ് ഇതിലൂടെ തഗ്ലൈഫ് പിന്നിലാക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോജു ജോര്‍ജ്, തൃഷ, ഐശ്വര്യാ ലക്ഷ്മി, അഭിരാമി തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.

Tags:    

Similar News