ഒറ്റകൊമ്പനുമായി സുരേഷ് ഗോപി; വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നത് റിയല്‍ ലൈഫ് കഥാപാത്രവുമായി; കടുവാക്കുന്നേല്‍ കുറുവച്ചന്റെ മാസ് റോൾ ഒരുങ്ങുന്നു; ചിത്രീകരണം ആരംഭിച്ചു
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും മാസ് കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് 'ഒറ്റക്കൊമ്പന്‍'. വളരെ മുന്നേ തന്നെ പ്രഖ്യാപനം നടത്തിയ ചിത്രം ചർച്ചകളിൽ ഇടം നേടിയിരുന്നു. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് തിരുവനന്തപുരം സെൻട്രൽ ജയില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ആരംഭിച്ചു.
പ്രശസ്ത നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടർന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റ് സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. നിരവധി ചലച്ചിത്ര പ്രവർത്തകരും അണിയറക്കാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രമുഖ നടൻ ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത് ഡോ. കെ. അമ്പാടി ഐഎഎസ് ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്.
തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് എന്നിവരും മറ്റ് നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഷിബിൻ ഫ്രാൻസിസിസാണ് ചിത്രത്തിന്റെ രചന. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷനാണ്. വയലാർ ശരത്ചന്ദ്ര വർമ്മ വരികൾ എഴുതിയിരിക്കുന്ന ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് ഹർഷവർദ്ധൻ രമേശ്വറാണ്. ചിത്രം ഒരു മാസ്സ് എന്റെർറ്റൈനർ ആണെന്നാണ് വിവരം.
കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ അനീഷ് തൊടുപുഴ, ക്രിയേറ്റീവ് ഡയറക്ടർ സുധീർ മാഡിസൺ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് കെ ജെ വിനയൻ, ദീപക് നാരായൺ, പ്രൊഡക്ഷൻ മാനേജർ പ്രഭാകരൻ കാസർഗോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, കോ പ്രൊഡ്യൂസേർസ് ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ റോഷൻ.