'ജനഗണമന' സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ടൊവിനോ ചിത്രം; 'പള്ളിച്ചട്ടമ്പി'യുടെ പ്രധാന ഷെഡ്യൂളിന് പാക്കപ്പ്

Update: 2025-11-06 13:34 GMT

തൊടുപുഴ: ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ പ്രധാന ഷെഡ്യൂൾ തൊടുപുഴയിൽ പൂർത്തിയായി. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ നവംബർ പകുതിയോടെ മൈസൂരുവിൽ ആരംഭിക്കും. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും ബ്രിജീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ, തൻസീർ എന്നിവർ സഹനിർമ്മാതാക്കളാണ്.

1950-60 കാലഘട്ടത്തിൽ കേരളത്തിൽ നടക്കുന്ന കഥയാണ് 'പള്ളിച്ചട്ടമ്പി' പറയുന്നത്. ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം തെന്നിന്ത്യൻ താരം കയാദു ലോഹറും പ്രധാന വേഷത്തിലെത്തുന്നു. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

ടി എസ് സുരേഷ് ബാബു തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടിജോ ടോമിയും സംഗീതം ജേക്സ് ബിജോയുമാണ് നിർവ്വഹിക്കുന്നത്. ദിലീപ് നാഥ് കലാസംവിധാനം, മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂം, റഷീദ് അഹമ്മദ് മേക്കപ്പ് എന്നിവർ നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യനും, ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂരും, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോനുമാണ്.

'എ.ആർ.എം' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഈ വർഷത്തെ കേരള സംസ്ഥാന ഫിലിം അവാർഡിൽ സ്പെഷ്യൽ ജൂറി മെൻഷൻ നേടിയ ടൊവിനോ തോമസ്, 'ലോകം' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 'ക്വീൻ', 'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഡിജോ ജോസ് ആന്റണിയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Tags:    

Similar News