ഡിജോ ജോസ് ആന്‍റണി ഒരുക്കുന്ന ടോവിനോ ചിത്രം; 'പള്ളിച്ചട്ടമ്പി'യുടെ വൻ അപ്ഡേറ്റ് വരുന്നു; ആകാംഷയോടെ ആരാധകർ

Update: 2026-01-19 17:29 GMT

കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് നാളെ രാവിലെ 11.11ന് എത്തും. ട്രെയിലറോ, ടീസറോ, അതോ റിലീസ് തീയതിയോ ആകാം ഈ പ്രഖ്യാപനമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം, 1957-58 കാലഘട്ടത്തിലെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതമാണ് പശ്ചാത്തലമാക്കുന്നത്. 'ക്വീൻ', 'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ' എന്നീ വിജയചിത്രങ്ങൾക്ക് ശേഷം ഡിജോ ഒരുക്കുന്ന നാലാമത്തെ ചിത്രമാണിത്.

വലിയ മുതൽമുടക്കിലും വിശാലമായ ക്യാൻവാസിലും, വലിയ ജനപങ്കാളിത്തത്തോടെയുമാണ് 'പള്ളിച്ചട്ടമ്പി' ഒരുങ്ങുന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറിൽ നൗഫലും ബ്രജേഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തൻസീർ സലാം, സിസിസി ബ്രദേഴ്സ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ടൊവിനോ തോമസിന് നായികയായി കയാദു ലോഹർ എത്തുന്നു. വിജയരാഘവൻ, തെലുങ്ക് നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

'ദാദാസാഹിബ്', 'ഷിക്കാർ', 'ഒരുത്തീ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ സുരേഷ് ബാബുവാണ് 'പള്ളിച്ചട്ടമ്പി'യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കലാസംവിധാനത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് പ്രശസ്ത കലാസംവിധായകൻ ദിലീപ് നാഥ് ജീവൻ നൽകുന്നു. ടിജോ ടോമി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം.

റഷീദ് അഹമ്മദ് മേക്കപ്പ്, മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈൻ, അനിൽ ആമ്പല്ലൂർ ഫിനാൻസ് കൺട്രോളർ, കിരൺ റാഫേൽ, റെനിത് രാജ് എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ, ഋഷ് ലാൽ ഉണ്ണികൃഷ്ണൻ സ്റ്റിൽസ്, ബിനോയ് നമ്പാല കാസ്റ്റിംഗ് ഡയറക്ടർ, അലക്സ് ഇ. കുര്യൻ ലൈൻ പ്രൊഡ്യൂസർ, രാജേഷ് മേനോൻ പ്രൊഡക്ഷൻ കൺട്രോളർ, നോബിൾ ജേക്കബ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, എബി കോടിയാട്ട്, ജെറി വിൻസന്റ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാർ എന്നിങ്ങനെയാണ് മറ്റ് അണിയറപ്രവർത്തകർ. വാഴൂർ ജോസാണ് ചിത്രത്തിന്റെ പി.ആർ.ഒ. ഇടുക്കി ജില്ലയിലെ കാഞ്ഞാർ, പൈനാവ്, മൂലമറ്റം തുടങ്ങി വിവിധ പ്രദേശങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

Tags:    

Similar News