വിനായകൻ പ്രധാന വേഷത്തിലെത്തുന്ന 'പെരുന്നാൾ'; 'ഒരു മെക്സിക്കൻ അപാരത' സംവിധായകൻ ടോം ഇമ്മട്ടി ഒരുക്കുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Update: 2025-12-31 14:10 GMT

കൊച്ചി: വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'പെരുന്നാൾ' എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കുതിരപ്പുറത്തേറി നിൽക്കുന്ന വിനായകന്റെ ചിത്രമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. 'കളങ്കാവാലിന്' ശേഷം വിനായകൻ നായകനാകുന്ന ചിത്രമാണിത്. 'പെരുന്നാൾ: ക്രോപേന്മാരും സ്രാപ്പേന്മാരും' എന്ന പൂർണ്ണമായ തലക്കെട്ടോടുകൂടിയാണ് ചിത്രം എത്തുന്നത്. സൂര്യഭാരതി ക്രിയേഷൻസ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നിവയുടെ ബാനറിൽ മനോജ് കുമാർ കെ.പി, ജോളി ലോനപ്പൻ, ടോം ഇമ്മട്ടി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

വിനായകനോടൊപ്പം ഷൈൻ ടോം ചാക്കോ, വിഷ്ണു ഗോവിന്ദ്, സാഗർ സൂര്യ, ജുനൈസ്, മോക്ഷ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം വാഗമണ്ണിലും പരിസരങ്ങളിലുമായി പൂർത്തിയായി. നിലവിൽ അവസാനഘട്ട ഷൂട്ടിങ് പുരോഗമിക്കുകയാണ്. 2026-ൽ 'പെരുന്നാൾ' തിയേറ്ററുകളിലെത്തും. ടൊവിനോ തോമസ് നായകനായ 'ഒരു മെക്സിക്കൻ അപാരത', ആൻസൺ പോൾ നായകനായ 'ഗാംബ്ലർ' എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്.

പി.ആർ. സോംദേവ് (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ), മണികണ്ഠൻ അയ്യപ്പ (സംഗീതം), അരുൺ ചാലിൽ (ഛായാഗ്രഹണം). ഫാദർ വിൽസൺ തറയിലാണ് ചിത്രത്തിന്റെ കഥാ ആശയം ഒരുക്കിയിരിക്കുന്നത്. സിദ്ധിൽ സുബ്രഹ്മണ്യൻ ക്രിയേറ്റീവ് ഡയറക്ടറായും, വിനോദ് മംഗലത്ത് പ്രൊഡക്ഷൻ കൺട്രോളറായും, വിനോദ് രവീന്ദ്രൻ ആർട്ട് ഡയറക്ടറായും പ്രവർത്തിക്കുന്നു. രോഹിത് വി.എസ്. വാരിയത്താണ് എഡിറ്റർ.

വിനായക് ശശികുമാർ ഗാനരചനയും, ദിനിൽ എ. ബാബു ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായും, അരുൺ മനോഹർ കോസ്റ്റ്യൂം ഡിസൈനറായും, റോണക്സ് സേവ്യർ മേക്കപ്പായും ഈ ചിത്രത്തിനായി അണിനിരക്കുന്നു. രാംദാസ് മാത്തൂർ സ്റ്റിൽസും, യെല്ലോ ടൂത്ത് പബ്ലിസിറ്റി ഡിസൈൻസും നിർവഹിക്കുന്നു. പ്രതീഷ് ശേഖറാണ് പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്.

Tags:    

Similar News