കോടിയും കടന്ന് 'പെറ്റ് ഡിറ്റക്റ്റീവ്'; ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം ബ്ലോക്ക്ബസ്റ്ററിലേക്ക്; ആവേശത്തിൽ ആരാധകർ
പ്രനീഷ് വിജയൻ സംവിധാനം ചെയ്ത് ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിൽ എത്തിയ 'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രം ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുന്നു. റിലീസ് ചെയ്ത് ആദ്യ 5 ദിവസത്തിനുള്ളിൽ ചിത്രം 9.1 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ നേടി. ഷറഫുദ്ദീൻ്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഈ ചിത്രം മാറിയിരിക്കുകയാണ്.
ഷറഫുദ്ദീൻ പ്രൊഡക്ഷൻസും ശ്രീ ഗോകുലം മൂവീസും സംയുക്തമായി നിർമ്മിച്ച ഈ ചിത്രം, റിലീസ് ചെയ്ത ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടുകയാണ്. ഒരു പക്ക ഫൺ ഫാമിലി കോമഡി എന്റർടൈനർ എന്ന നിലയിൽ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നു. ചിരിയുടെ മാലപ്പടക്കം തീർത്ത് മുന്നേറുന്ന ചിത്രം കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന മുഹൂർത്തങ്ങൾ സമ്മാനിക്കുന്നു. മലയാളത്തിൽ ഏറെ ഇടവേളയ്ക്ക് ശേഷം എത്തിയ ഇത്രയധികം ചിരിപ്പിക്കുന്ന ചിത്രമെന്നതും പ്രേക്ഷകരെ ആകർഷിക്കുന്നതിന് കാരണമായി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള ഹാസ്യ നിമിഷങ്ങൾ ഉണ്ടെന്നത് ഇതിൻ്റെ പ്രധാന ആകർഷണമാണ്.
കേരളത്തിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്നുണ്ട്. 'പടക്കളം' എന്ന സൂപ്പർ ഹിറ്റിന് ശേഷം ഷറഫുദ്ദീൻ വീണ്ടും പ്രേക്ഷക പ്രീതി നേടുന്ന കാഴ്ചയാണിത്. ടോണി ജോസ് അലുല എന്ന ഡിറ്റക്ടീവ് കഥാപാത്രത്തെ ഷറഫുദ്ദീൻ അവതരിപ്പിക്കുന്ന ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്നു.