ബോക്സ് ഓഫീസിൽ ആറാട്ട്; ചിരിപ്പിച്ചും പേടിപ്പിച്ചും ഗണപതിയും സംഘവും; ഒമ്പത് ദിവസം കൊണ്ട് വാരിയത് 16.8 കോടി; 'പ്രകമ്പനം' തരംഗമാകുന്നു

Update: 2026-02-10 10:57 GMT

കൊച്ചി: വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത് ഗണപതി കേന്ദ്ര കഥാപാത്രമായെത്തിയ 'പ്രകമ്പനം' ബോക്സ്ഓഫീസിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ഒമ്പത് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 16.8 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയതായി റിപ്പോർട്ട്. വലിയ താരനിരയില്ലാതെ എത്തി തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രം, മലയാള സിനിമ ലോകത്ത് ശ്രദ്ധേയമായ നേട്ടമാണ് കൈവരിക്കുന്നത്.

റിലീസ് ചെയ്ത് ആദ്യവാരം പൂർത്തിയാക്കിയപ്പോൾ 10.59 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ. കേരളത്തിലെ 90 തിയേറ്ററുകളിൽ ആദ്യ പ്രദർശനം ആരംഭിച്ച ചിത്രം, മികച്ച പ്രതികരണത്തെ തുടർന്ന് അധിക ഷോകൾ നടത്തിയിരുന്നു. രണ്ടാം വാരത്തിലും ചിത്രം മികച്ച പ്രതികരണം നിലനിർത്തുന്നുണ്ട്.

ഒരു മുഴുനീള ഫാമിലി കോമഡി–ഹൊറർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന 'പ്രകമ്പനം' എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ സാധിച്ചതാണ് ഈ വിജയത്തിന്റെ പ്രധാന കാരണം. താരപരിവേഷമില്ലാത്ത അഭിനേതാക്കളിലൂടെയും പ്രേക്ഷകർക്ക് രണ്ട് മണിക്കൂർ നീണ്ട ചിരിയുടെ ആഘോഷം സമ്മാനിക്കാൻ ചിത്രത്തിന് കഴിഞ്ഞു.

ഗണപതിക്കൊപ്പം സാഗർ, സൂര്യ അൽ അമീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശീതൾ ജോസഫാണ് നായിക. എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കിയാണ് വിജേഷ് പാണത്തൂർ ഈ ഫുൾ-പാക്ക്ഡ് എന്റർടെയ്‌നർ ഒരുക്കിയിരിക്കുന്നത്. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിച്ചത്. ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സംവിധായകൻ വിജേഷ് പാണത്തൂരിന്റെതാണ് കഥ. തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കൻ എഴുതിയിരിക്കുന്നു.

അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരുൾപ്പെടെ വലിയ താരനിര ചിത്രത്തിലുണ്ട്. നിരവധി പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബിബിൻ അശോകാണ് സംഗീതം ഒരുക്കിയത്. ശങ്കർ ശർമ്മ പശ്ചാത്തല സംഗീതവും, ആൽബി ആന്റണി ഛായാഗ്രഹണവും, സൂരജ് ഇ. എസ് എഡിറ്റിംഗും നിർവഹിച്ചു.

Tags:    

Similar News