ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളും പേടിപ്പിക്കുന്ന ട്വിസ്റ്റുകളും; യുവതാര നിരയുമായി 'പ്രകമ്പനം'; ഹൊറർ ഫാമിലി കോമഡി എന്റർടൈനർ നാളെ തിയേറ്ററിലേക്ക്
കൊച്ചി: ഹൊറർ-കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'പ്രകമ്പനം' നാളെ തിയേറ്ററുകളിലേക്ക്. ചിരിയും പേടിയും ഒരുപോലെ സമ്മാനിക്കുന്ന ഒരു ഫാമിലി എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷ. ഹോസ്റ്റൽ പശ്ചാത്തലത്തിൽ ഒരു ഹൊറർ വിരുന്ന് യുവതലമുറയെ ലക്ഷ്യമിട്ടുള്ള ഒരു ഫുൾ പാക്കേജ് സിനിമയായാണ് 'പ്രകമ്പനം' എത്തുന്നത്. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്ക് അപ്രതീക്ഷിതമായി ഹൊറർ ഘടകങ്ങൾ കടന്നുവരുന്നതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ഓരോ തവണ കാണുമ്പോഴും പുതിയ രഹസ്യങ്ങളും സർപ്രൈസുകളും കണ്ടെത്താൻ കഴിയുന്ന 'സീക്രറ്റ് എലമെന്റുകൾ' ഉണ്ടെന്നും അണിയറക്കാർ പറയുന്നു. താരനിരയും അണിയറക്കാരും ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശീതൾ ജോസഫാണ് നായിക. മല്ലിക സുകുമാരൻ, ലാൽ ജോസ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, കലാഭവൻ നവാസ്, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇതിന് പുറമെ മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. നിർമ്മാണം 'നദികളിൽ സുന്ദരി'യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നവരസ ഫിലിംസും പ്രമുഖ തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സംവിധായകൻ വിജേഷ് പാണത്തൂരിന്റെ കഥയ്ക്ക് നവാഗതനായ ശ്രീഹരി വടക്കനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.