14 വര്‍ഷങ്ങൾക്ക് ശേഷം പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിക്കുന്നു; 'ഭൂത് ബംഗ്ലാ'വിന്റെ പ്രഖ്യാപനമെത്തി

Update: 2024-09-09 09:16 GMT

ബോളിവുഡിലെ എക്കാലത്തെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു പ്രിയദര്‍ശനും അക്ഷയ് കുമാറും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം ബോളിവുഡിൽ ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിരുന്നു. വലിയൊരിടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശൻ അക്ഷയ് കുമാർ കോമ്പോയിൽ വീണ്ടുമൊരു ചിത്രമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. 2010 ല്‍ പുറത്തിറങ്ങിയ 'ഖട്ട മീഠ' യാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം. അക്ഷയ് കുമാറിന്‍റെ പിറന്നാള്‍ ദിനത്തിലാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്.

മോഷന്‍ പോസ്റ്ററിനൊപ്പം പേര് സഹിതമാണ് ചിത്രത്തിന്റെ പ്രഖ്യാപനം സാമൂഹ മാധ്യമം വഴി വന്നത്. ഹൊറര്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രത്തിന് 'ഭൂത് ബംഗ്ല' എന്നാണ് പേരിട്ടിരിക്കുന്നത്. അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ചിത്രത്തിനെ 2025 ല്‍ തീയേറ്ററുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ ഡിസംബറിലാണ് ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിൽ നടക്കുന്ന ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ തീർക്കാനാണ് തീരുമാനം.

അതേസമയം അക്ഷയ് കുമാറിന്റെ അവസാന കുറച്ച് സിനിമകൾ വലിയ തകർച്ചയാണ് ബോക്സ് ഓഫീസിൽ നേരിട്ടത്. 2013 നു ശേഷം 13 ചിത്രങ്ങളിലാണ് അക്ഷയ് കുമാർ നായകനായെത്തിയത്. ഇതിൽ 3 എണ്ണം ഒ.ടി.ടി റിലീസായിരുന്നു. ബാക്കിയുള്ള തീയേറ്റർ റിലീസായ 10 ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. അവസാനമെത്തിയ 'സർഫിര' കൂടി ബോക്സ് ഓഫീസിൽ തകർന്നതോടെ അക്ഷയ് കുമാറിന്റെ കരിയറിനെ പറ്റിവരെ ചർച്ചകൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ആരാധാകരടക്കം ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പ്രിയദർശൻ ചിത്രമായ 'ഭൂത് ബംഗ്ല' വിൽ.

Tags:    

Similar News