കോഴിക്കോട്ട് മുത്തുവേല്‍ പാണ്ഡ്യന്റെ മാസ് എന്‍ട്രി!ജയിലര്‍ 2 ചിത്രീകരണത്തിന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് കോഴിക്കോട്ടെത്തി; ആറ് ദിവസം കോഴിക്കോട്ട്

കോഴിക്കോട്ട് മുത്തുവേല്‍ പാണ്ഡ്യന്റെ മാസ് എന്‍ട്രി!

Update: 2025-05-12 12:26 GMT

കോഴിക്കോട്: തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കേരളത്തിലാണ് സിനിമയുടെ ചിത്രീകരണം. സിനിമയുടെ ചിത്രീകരണത്തിനായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് കോഴിക്കോട് എത്തിയിരിക്കുകയാണ്.

ഹുക്കും സോങ്ങിന്റെ അകമ്പടിയോടെ കോഴിക്കോട്ടെ താമസസ്ഥലത്ത് രജനിയെ വരവേല്‍ക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. ആറുദിവസം രജനികാന്ത് കോഴിക്കോട്ടുണ്ടാകും. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദര്‍ശന്‍ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂള്‍ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ അട്ടപ്പാടി ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ഭാഗത്തില്‍ മലയാളി താരമായ വിനായകനായിരുന്നു വില്ലനായി എത്തിയത്. വലിയ സ്വീകാര്യതയാണ് ഈ വേഷത്തിന് ലഭിച്ചത്.

കഴിഞ്ഞ ദിവസം സംവിധായകന്‍ നെല്‍സണ്‍, മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ ഹൃദയപൂര്‍വ്വം എന്ന സിനിമയുടെ സെറ്റില്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജയിലര്‍ 2ലെ മോഹന്‍ലാലിന്റെ കഥാപാത്രം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിനായാണ് നെല്‍സണ്‍ ഹൃദയപൂര്‍വ്വം സെറ്റിലെത്തിയത് എന്നാണ് സൂചന.

ജയിലറില്‍ മാത്യു എന്ന കഥാപത്രമായി എത്തിയിരുന്നത് മോഹന്‍ലാല്‍ ആയിരുന്നു. ഇത്തവണയും മോഹന്‍ലാല്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം ജയ്ലര്‍ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. ചിത്രം അടുത്ത വര്‍ഷം തിയേറ്ററിലെത്തും.

Tags:    

Similar News