'23 വർഷങ്ങൾ.. ഹൃദയങ്ങൾ ഭരിക്കുന്നവൻ, അതിരുകൾ ഇല്ലാത്തവൻ, റിബൽ സ്റ്റാറിന് ആശംസകൾ'; പ്രത്യേക പോസ്റ്റർ പുറത്തിറക്കി 'രാജാസാബ്' ടീം
ഹൈദരാബാദ്: അഭിനയരംഗത്ത് 23 വർഷങ്ങൾ പൂർത്തിയാക്കിയ പ്രഭാസിന് ആശംസകളറിയിച്ച് 'രാജാസാബ്' ടീം. പ്രത്യേക പോസ്റ്റർ പുറത്തിറക്കി. പ്രഭാസിന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലിനെ അനുസ്മരിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആശംസകൾ നടത്തിയിരിക്കുന്നത്. 'രാജാസാബ്' ജനുവരി 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ഹൊറർ-ഫാൻ്റസി വിഭാഗത്തിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം, പ്രേക്ഷകർക്ക് പേടിപ്പെടുത്തുന്നതും എന്നാൽ അത്ഭുതം നിറക്കുന്നതുമായ ദൃശ്യവിരുന്ന് നൽകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പ്രഭാസിൻ്റെ ഇരട്ടവേഷമാണ് ചിത്രത്തിലെ പ്രധാന ആകർഷണം. ഇതിനൊപ്പം സഞ്ജയ് ദത്തിൻ്റെയും വേറിട്ട വേഷപ്പകർച്ച ചിത്രത്തിൽ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. 'കൽക്കി 2898 എ.ഡി'ക്ക് ശേഷം പ്രഭാസ് നായകനാവുന്ന ചിത്രം, ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്ത സൂപ്പർനാച്ചുറൽ ദൃശ്യവിരുന്ന് സമ്മാനിക്കുമെന്നും സൂചനകളുണ്ട്.
'23 വർഷങ്ങളായി ഹൃദയങ്ങൾ ഭരിക്കുന്നവൻ, 23 വർഷങ്ങളായി അതിരുകൾ ഇല്ലാത്തവൻ, 23 വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ ഗതി മാറ്റിയ റിബൽ സ്റ്റാർ പ്രഭാസിന് ഈ മഹത്തായ നാഴികക്കല്ല് പിന്നിടുമ്പോൾ 'രാജാസാബ്' ടീം ആശംസകൾ നേരുന്നു,' പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ അറിയിച്ചു.
മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസിനെ കൂടാതെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയ നിരവധി താരങ്ങൾ അണിനിരക്കുന്നു. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന 'രാജാസാബ്' ഒരുക്കുന്നത് ടി.ജി. വിശ്വപ്രസാദാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഹൊറർ ചിത്രങ്ങൾക്കായി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്.