നിയമവിരുദ്ധ ബെറ്റിങ് ആപ്ലിക്കേഷനുകള്‍ക്ക് പ്രചാരം നല്‍കിയെന്ന ആരോപണം; വിശദീകരണവുമായി തെലുങ്ക് താരം റാണ ദഗ്ഗുബാട്ടി; പരസ്യങ്ങളില്‍ പങ്കാളിയായത് സമ്പൂര്‍ണമായും നിയമപരമായ അടിത്തറയില്‍ നിന്നെന്ന് താരം

Update: 2025-03-21 09:40 GMT

ന്യൂഡല്‍ഹി: നിയമവിരുദ്ധ ബെറ്റിങ് ആപ്ലിക്കേഷനുകള്‍ക്ക് പ്രചാരം നല്‍കിയെന്ന ആരോപണങ്ങള്‍ക്കെതിരെ തെലുങ്ക് സിനിമാതാരം റാണ ദഗ്ഗുബാട്ടി വിശദീകരണവുമായി രംഗത്ത്. പരസ്യങ്ങളില്‍ പങ്കാളിയായത് സമ്പൂര്‍ണമായും നിയമപരമായ അടിത്തറയില്‍ നിന്നാണ് എന്നാണ് താരത്തിന്റെ പ്രതിനിധികള്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന.

റാണയുടെ വക്താക്കള്‍ വ്യക്തമാക്കുന്നത് കഴിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് പ്ലാറ്റ്‌ഫോമിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് താരം കരാറിലേര്‍പ്പെട്ടത്. 2017ലാണ് ഈ കരാര്‍ അവസാനിച്ചത്, അതേസമയം, ഇത് അംഗീകൃത മേഖലയ്ക്കായി മാത്രമായിരുന്നു. റാണയുടെ ലീഗല്‍ ടീം വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമാണ് കരാര്‍ ഒപ്പുവച്ചതെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

റാണ ദഗ്ഗുബാട്ടി ചെയ്ത ഗെയിമിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം നിയമം പാലിച്ചുകൊണ്ടുതന്നെയാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. കഴിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഗെയിമുകള്‍ ചൂതാട്ടമല്ലെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

നിയമവിരുദ്ധ ബെറ്റിങ് ആപ്പുകള്‍ക്കും ചൂതാട്ട ആപ്പുകള്‍ക്കും പ്രചാരം നല്‍കിയതിന് 25 സെലിബ്രിട്ടിക്കള്‍ക്കെതിരെ തെലങ്കാന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കെതിരെയാണ് കേസ്.

Tags:    

Similar News