'ഇവനാളിത്തിരി ജിമിട്ടനാ..'; പവർ പാക്ക്ഡ് റോളിൽ സെന്ന ഹെഗ്‌ഡെ; ആഷിഖ് അബു ചിത്രം 'റൈഫിള്‍ ക്ലബ്ബ്' ന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
കൊച്ചി: വലിയ പ്രതീക്ഷയോടെ തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുകയാണ് ആഷിഖ് അബു ചിത്രമായ 'റൈഫിള്‍ ക്ലബ്ബ്'. തുടർ പരാജയങ്ങൾക്ക് ശേഷം വലിയൊരു തിരിച്ച് വരവ് കൂടിയാണ് ചിത്രത്തിലൂടെ ആഷിഖ് അബു ലക്ഷ്യമിടുന്നത്. ചിത്രത്തിന്റേതായി പുറത്ത് ഇറങ്ങിയ പ്രൊമോഷൻ മെറ്റീരിയലുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലർ കൂടി പുറത്ത് ഇറങ്ങിയതോടെ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകർ.
ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകളാണ് പുറത്ത് വരുന്നത്. 'റൈഫിള്‍ ക്ലബി'ലെ സെന്ന ഹെഗ്‌ഡെ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിറ്റപ്പന്‍ എന്ന വേഷത്തിലാണ് സെന്ന ചിത്രത്തില്‍ എത്തുന്നത്. 'തിങ്കളാഴ്ച നിശ്ചയം' ഉള്‍പ്പെടെയുള്ള സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സെന്ന ഹെഗ്‌ഡെ.
പവർ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ ഹൈലൈറ്റെന്നാണ് ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. 'റൈഫിള്‍ ക്ലബി' ന് യുഎ ഫിലിം സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. 'റൈഫിൾ ക്ലബ്' ഡിസംബർ 19 ന് വേൾഡ് വൈഡ് റിലീസിനെത്തും. ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ എല്ലാ ക്യാരക്ടർ പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വിജയരാഘവൻ, വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, റാപ്പർ ഹനുമാൻകൈൻഡ്, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, ഉണ്ണിമായ പ്രസാദ്, ദർശന രാജേന്ദ്രൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു.
ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. കൂടാതെ ഡോ. ലാസർ എന്ന കഥാപാത്രമാണ് സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്നത്, സുരഭി ലക്ഷ്മിയുടെ സൂസൻ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്റെ സെക്രട്ടറി അവറാൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.