ലഡാക്കിൽ മൈനസ് പത്ത് ഡിഗ്രി തണുപ്പിൽ ചിത്രീകരണം; ഓക്സിജന് ലെവലിലെ കുറവ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കി; 'ബാറ്റിൽ ഓഫ് ഗാൽവാന്റെ' ലൊക്കേഷനിൽ സൽമാൻ ഖാന് പരിക്ക്
ലേ: ബോളിവുഡ് നടൻ സൽമാൻ ഖാന് ലഡാക്കിൽ സിനിമ ചിത്രീകരണത്തിനിടെയാണ് പരിക്ക് പറ്റിയതായി റിപ്പോർട്ടുകൾ. അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
ലഡാക്കിലെ അതിശൈത്യവും കഠിനമായ ചിത്രീകരണ സാഹചര്യങ്ങളുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മൈനസ് പത്ത് ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് സൽമാൻ ഖാനും സംഘവും ചിത്രീകരണം നടത്തിയിരുന്നത്. കാലാവസ്ഥയിലെ മാറ്റങ്ങളും ഓക്സിജന്റെ അളവ് കുറഞ്ഞതും നടനെ ശാരീരികമായി ബുദ്ധിമുട്ടിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെയുള്ള 45 ദിവസത്തെ ചിത്രീകരണത്തിൽ 15 ദിവസമാണ് സൽമാൻ ലൊക്കേഷനിൽ ഉണ്ടായിരുന്നത്. ചിത്രീകരണം പൂർത്തിയായ ശേഷം താരം മുംബൈയിലേക്ക് മടങ്ങി.
നിലവിൽ മുംബൈയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം സൽമാൻ ഖാൻ വിശ്രമത്തിലാണ്. പരിക്കിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലാത്തതിനാൽ ആരാധകർക്കിടയിൽ ആശങ്കയുണ്ട്. ചിത്രത്തിന്റെ മുംബൈയിലെ തുടർച്ചയായ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് അറിയുന്നത്. 2020-ലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തെ ചിത്രീകരണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.