ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്റെ വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു; നുഴഞ്ഞു കയറിയ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പുനടത്താന്‍ ശ്രമം: തട്ടിപ്പു സംഘത്തിന്റെ കെണിയില്‍ നിന്നു രക്ഷപ്പെട്ടതായി 'ബാഹുബലി' നിര്‍മാതാവ്

Update: 2024-12-08 08:04 GMT

ചെന്നൈ: വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ കെണിയില്‍ നിന്നു രക്ഷപ്പെട്ടതായി സിനിമാ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍. സന്തോഷ് ശിവന്റെ വാട്‌സാപ് അക്കൗണ്ടില്‍ നുഴഞ്ഞു കയറിയ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പുനടത്താനാണ് ശ്രമിച്ചത്. തട്ടിപ്പു സംഘത്തിന്റെ കെണിയില്‍ നിന്നു രക്ഷപ്പെട്ടതായി 'ബാഹുബലി' നിര്‍മാതാവ് ഷോബു യാര്‍ലഗദ്ദയും വെളിപ്പെടുത്തി. ഇദ്ദേഹത്തിന്റെ വാട്‌സ് ആപ്പും ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമം നടത്തിയിരുന്നു.

ഇരുവരും നല്‍കിയ പരാതിയില്‍ തമിഴ്‌നാട് പൊലീസ് സൈബര്‍ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലും പരാതി നല്‍കിയിട്ടുണ്ട്. ഷോബു യാര്‍ലഗദ്ദയുടെ വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത സംഘം പണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സന്ദേശം അയയ്ക്കുകയായിരുന്നു. വാട്‌സ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായി ഷോബു യാര്‍ലഗദ്ദ സമൂഹമാധ്യമങ്ങള്‍ വഴി മുന്നറിയിപ്പു നല്‍കി.

തട്ടിപ്പു സംഘം സന്തോഷ് ശിവന്റെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കാനും ശ്രമിച്ചിരുന്നു. സന്തോഷ് ശിവന്‍ ആണെന്ന പേരില്‍ സന്ദേശങ്ങള്‍ അയച്ച് തമിഴ്, മലയാളം സിനിമ പ്രവര്‍ത്തകരെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി. ''ദയവായി എന്റെ സന്ദേശങ്ങളൊന്നും പ്രതികരിക്കരുത്, ഇതൊരു തട്ടിപ്പാണ്.'' സന്തോഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പു നല്‍കി.

ഉപഭോക്താക്കളുടെ വാട്സാപ്പ് നമ്പറുകള്‍ ഉപയോഗിച്ച് മറ്റൊരു ഫോണില്‍ വാട്സാപ്പ് ലോഗിന്‍ ചെയ്യുകയാണ് സൈബര്‍ കുറ്റവാളികള്‍ ചെയ്യുന്നത്. ഇതോടെ യഥാര്‍ഥ ഉടമയുടെ ഫോണില്‍ നിന്ന് അക്കൗണ്ട് ലോഗ് ഔട്ട് ആവും. പിന്നീട് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാലും അതിന് സാധിക്കില്ല. വാട്സാപ്പ് അയക്കുന്ന ഒടിപി നമ്പര്‍ സോഷ്യല്‍ എഞ്ചിനീയറിങ്ങിലൂടെ കൈക്കലാക്കിയാണ് സൈബര്‍ കുറ്റവാളികള്‍ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യുന്നത്. ഒരാളുടെ അക്കൗണ്ട് കയ്യടക്കിയാല്‍ ആ ഇരയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള മറ്റൊരാളെ ഹാക്ക് ചെയ്യാന്‍ ശ്രമം തുടങ്ങും.

ഉദാഹരണത്തിന് സന്തോഷ് ശിവന്റെ അക്കൗണ്ട് കൈക്കലാക്കിയ ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ നിന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റിന് സന്ദേശം അയക്കും. ഫോണിലേക്കയച്ച വെരിഫിക്കേഷന്‍ കോഡ് ചോദിച്ച് കൈക്കലാക്കും. കോഡ് ലഭിക്കുന്നതോടെ ഹാക്കര്‍മാര്‍ വാട്സാപ്പിന്റെ നിയന്ത്രണം കൈക്കലാക്കുന്നു. സാധാരണ നിലയില്‍ 12 മണിക്കൂര്‍ കഴിഞ്ഞാല്‍ അക്കൗണ്ട് തിരികെ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സന്തോഷ് ശിവന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ച് അദ്ദേഹത്തിന്റെ ബന്ധു ഒരു ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. കാരണം ആ ഗ്രൂപ്പിന്റെ അഡ്മിന്‍ അക്കൗണ്ടുകളിലൊന്ന് ഹാക്കര്‍മാര്‍ കയ്യടക്കിയിരുന്നു. ശേഷം ഗ്രൂപ്പില്‍ അഡ്മിന്‍മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനാകൂ എന്ന് സെറ്റിങ്സ് മാറ്റി. ഇതോടെ ഗ്രൂപ്പില്‍ മറ്റാര്‍ക്കും പോസ്റ്റ് ചെയ്യാന്‍ പറ്റാതെയായി.

സുഹൃത്തുക്കളോട് പണം ചോദിക്കുന്നതുള്‍പ്പടെയുള്ള തട്ടിപ്പുകളാണ് വാട്സാപ്പ് അക്കൗണ്ടുകള്‍ കയ്യടക്കുന്നതിലൂടെ കുറ്റവാളികള്‍ ചെയ്യുന്നത്. അതേസമയം മറ്റൊരാള്‍ വാട്സാപ്പിന്റെ നിയന്ത്രണം കൈക്കലാക്കിയാലും അയാള്‍ക്ക് പഴയ ചാറ്റുകള്‍ വായിക്കാന്‍ കഴിയില്ലെന്നാണ് വാട്സാപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്. എങ്കിലും ഉപഭോക്താക്കള്‍ ഇത് സംബന്ധിച്ച ആശങ്കയിലാണ്.

Tags:    

Similar News