വാളയാറിൽ ഒരു കറുത്ത കാറിന്റെ എൻട്രി; വിൻഡോ ഗ്ലാസ് താഴ്ത്തിയതും തലൈവർ ദർശനം; ആർപ്പുവിളിച്ച് സ്വീകരിച്ച് ആരാധകർ; എത്തിയത് 'ജയിലർ 2' ഷൂട്ടിങ്ങിന്
പാലക്കാട്: സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനാകുന്ന 'ജയിലർ 2' സിനിമയുടെ ചിത്രീകരണം വാളയാറിൽ ആരംഭിച്ചു. പാലക്കാട് ജില്ലയിലെ വാളയാറിലെ ആദിവാസി ഉന്നതി എന്ന സ്ഥലത്താണ് ചിത്രീകരണത്തിന്റെ പ്രധാന ഭാഗങ്ങൾ നടക്കുന്നത്. ഇതിനോടകം തന്നെ രജനീകാന്ത് ചിത്രീകരണത്തിൽ സജീവമായി പങ്കെടുത്തു കഴിഞ്ഞു.
'ജയിലർ' എന്ന ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്നാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ രണ്ടാം ഭാഗം ഒരുക്കുന്നത്. 2023-ൽ പുറത്തിറങ്ങിയ 'ജയിലർ' 600 കോടിയിലധികം രൂപ കളക്ഷൻ നേടിയിരുന്നു. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ഔദ്യോഗിക പ്രഖ്യാപനം ജനുവരി 14-ന് ഒരു പ്രൊമോ വീഡിയോയോടെയായിരുന്നു. മാർച്ചിൽ ചിത്രീകരണം ആരംഭിച്ചിരുന്നു.
ചിത്രീകരണ സ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, മലബാർ സിമന്റ്സിലും ചിത്രീകരണത്തിന്റെ ഭാഗമായി രജനീകാന്ത് എത്തിയിരുന്നു. 'ജയിലർ 2' തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടാൻ സാധ്യതയുള്ള ചിത്രങ്ങളിലൊന്നാണ്.
അനിരുദ്ധ് രവിചന്ദർ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ആദ്യ ഭാഗത്തെപ്പോലെ തന്നെ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. മോഹൻലാൽ അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രം രണ്ടാം ഭാഗത്തിൽ ഉണ്ടാകുമോ എന്ന ആകാംഷയിലാണ് ആരാധകർ.