സ്പോർട്സ് ആക്ഷൻ ജോണറിൽ 'ബൾട്ടി'; ഷെയ്ൻ നിഗം നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
കൊച്ചി: കേരള-തമിഴ്നാട് അതിർത്തിയിലെ വേലംപാളയം പശ്ചാത്തലമാക്കി ഒരുങ്ങുന്ന സ്പോർട്സ് ആക്ഷൻ ചിത്രം 'ബൾട്ടി'യുടെ ട്രെയിലർ പുറത്തിറങ്ങി. ഷെയ്ൻ നിഗം നായകനാവുന്ന ചിത്രം സെപ്റ്റംബർ 26ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സൗഹൃദം, പ്രണയം, ചതി, പ്രതികാരം തുടങ്ങിയ വൈകാരിക നിമിഷങ്ങൾ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നതെന്ന് രണ്ട് മിനിറ്റ് 31 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ സൂചിപ്പിക്കുന്നു.
കബഡി കളിക്കളത്തിലും ജീവിതത്തിലും കരുത്തോടെ പോരാടുന്ന ചെറുപ്പക്കാരുടെ കഥയാണ് 'ബൾട്ടി' പറയുന്നത്. പഞ്ചമി റൈഡേഴ്സ് എന്ന കബഡി ടീമിന്‍റെ ചങ്കുറപ്പും വീറും നിറഞ്ഞ പോരാട്ടവീര്യമാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം. ഷെയ്ൻ നിഗത്തിൻ്റെ 25-ാം സിനിമയായ ഇത്, തീപ്പൊരി ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടുമെന്ന് ട്രെയിലർ അടിവരയിടുന്നു. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് ഷെയ്ൻ നിഗം എത്തുന്നത്. സംഗീതത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. സന്തോഷ് ടി കുരുവിളയും ബിനു ജോർജ്ജ് അലക്സാണ്ടറും ചേർന്നാണ് നിർമ്മാണം.
ട്രെയിലറിൽ നിരവധി താരങ്ങളുടെ വേറിട്ട രൂപഭാവങ്ങളും കടന്നുവരുന്നു. സംവിധായകൻ അൽഫോൺസ് പുത്രൻ 'സൈക്കോ ബട്ടർഫ്ലൈ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ് താരം ശന്തനു ഭാഗ്യരാജ് 'കുമാർ' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, പ്രതിനായക വേഷത്തിൽ തമിഴ് സംവിധായകനും നടനുമായ സെൽവരാഘവനും എത്തുന്നു. അദ്ദേഹത്തിൻ്റെ ആദ്യ മലയാള ചിത്രമാണിത്. പൂർണ്ണിമ ഇന്ദ്രജിത്ത് 'ജീ മാ' എന്ന കഥാപാത്രമായും, പ്രീതി അസ്രാനി നായികയായും വേഷമിടുന്നു.