സച്ചിനും ധോണിക്കും പിന്നാലെ ഗാംഗുലിയുടെ ജീവിതവും സിനിമയാകുന്നു; കൊല്‍ക്കത്തയുടെ രാജകുമാരനാകാന്‍ രാജ്കുമാര്‍ റാവു; സ്ഥിരീകരിച്ച് ഗാംഗുലി

Update: 2025-02-22 09:31 GMT

മുംബൈ: ഇന്ത്യന്‍ സിനിമാ രംഗത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ്. ധോണി എന്നിവരുള്‍പ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങളുടെ ജീവിതം സിനിമയാക്കിയിട്ടുണ്ട്. ഈ പരമ്പരയിലേക്ക് ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബി.സി.സി.ഐ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതകഥയും വന്നുചേരുന്നു.

ആയുഷ്മാന്‍ ഖുറാന, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ അഭിനേതാക്കളെ ഗാംഗുലിയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നു. എന്നാല്‍ രാജ്കുമാര്‍ റാവു തന്നെ പ്രധാന വേഷം അവതരിപ്പിക്കുമെന്ന് സാക്ഷാല്‍ ഗാംഗുലി തന്നെയാണ് സ്ഥിരീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഡേറ്റില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഒരു വര്‍ഷത്തിലേറെ വൈകുമെന്നും ഗാംഗുലി പറഞ്ഞു.

വാമിഖ ഖബ്ബി നായികയായെത്തുന്ന ഭൂല്‍ ചുഖ് മാഫ് ആണ് രാജ് കുമാര്‍റാവുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കരണ്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഭീഡ്, സ്ത്രീ 2, വിക്കി വിദ്യ കാ വോ വാല വീഡിയോ, മിസ്റ്റര്‍ ആന്റ് മിസിസി മഹി, ഭേദിയ തുടങ്ങി 50 ഓളം ചിത്രങ്ങള്‍ രാജ്കുമാര്‍ റാവുവിന്റേതായുണ്ട്.

ഇന്ത്യയ്ക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ച താരമാണ് ഗാംഗുലി. ഇടംകയ്യന്‍ ബാറ്റ്സ്മാനായ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ വിവിധ ഫോര്‍മാറ്റുകളിലായി 18575 റണ്‍സ് നേടിയിട്ടുണ്ട്. കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്ന് വിളിക്കപ്പെടുന്ന ഗാംഗുലി പിന്നീട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റു. ഗാംഗുലിയുടെ നേതൃത്വത്തില്‍ 21 ടെസ്റ്റുകളില്‍ ഇന്ത്യ വിജയം നേടി. 2003 ലോകകപ്പ് ഫൈനലിലെത്തി. 2008 ലാണ് ഗാംഗുലി തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.

Tags:    

Similar News