'സിനിമയിലെ മൂർച്ചയേറിയ സന്ദേശങ്ങൾ പ്രേക്ഷക മനസ്സുകളിൽ സ്വാധീനം ചെലുത്തുന്നു'; 'ബൈസൺ' മാരി സെൽവരാജിന്റെ കരിയറിലെ മികച്ച ചിത്രം; പ്രശംസിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: മാരി സെൽവരാജ് സംവിധാനം ചെയ്ത കബഡി പശ്ചാത്തലമാക്കിയുള്ള സ്പോർട്സ് ഡ്രാമ ചിത്രമായ 'ബൈസൺ' ഏറെ പ്രശംസകൾ ഏറ്റുവാങ്ങുകയാണ്. ചിത്രത്തിലെ ജാതി രാഷ്ട്രീയത്തെക്കുറിച്ചുള്ള ശക്തമായ അവതരണത്തെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. മാരി സെൽവരാജിന്റെ കരിയറിലെ മികച്ച ചിത്രമാണ് 'ബൈസൺ' എന്ന് സ്റ്റാലിൻ വിശേഷിപ്പിച്ചു.
കളിക്കളത്തിലെയും പുറത്തുമുള്ള ഒരു യുവ കബഡി താരത്തിന്റെ പോരാട്ടങ്ങളെ അസാധാരണമായ ദൃശ്യാനുഭവമാക്കി മാറ്റാൻ മാരി സെൽവരാജിന് സാധിച്ചുവെന്ന് അദ്ദേഹം പ്രശംസിച്ചു. സാമൂഹിക പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യുന്ന മാരി സെൽവരാജിന്റെ ഓരോ സൃഷ്ടിയും സൂക്ഷ്മമായി പിന്തുടരുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ സിനിമകൾ അവശേഷിപ്പിക്കുന്ന മൂർച്ചയേറിയ സന്ദേശങ്ങൾ പ്രേക്ഷക മനസ്സുകളിൽ സ്വാധീനം ചെലുത്തുന്നതിൽ വിജയിക്കുന്നുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ തിരക്കഥയ്ക്ക് ജീവൻ നൽകിയ ധ്രുവ് വിക്രം, പശുപതി, അനുപമ, രജിഷ തുടങ്ങിയ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. മാരിയുടെ സിനിമാറ്റിക് ഭാഷയും കലാപരമായ മികവും കൂടുതൽ മെച്ചപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് 'ബൈസൺ' എന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾക്ക് മാരി സെൽവരാജ് നന്ദി അറിയിച്ചു. തന്റെ ആദ്യ ചിത്രമായ 'പരിയെരും പെരുമാൾ' മുതൽ 'ബൈസൺ' വരെയുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും, തന്നിൽ വിശ്വാസമർപ്പിക്കുകയും ചെയ്തതിലുള്ള കൃതജ്ഞത അദ്ദേഹം പങ്കുവെച്ചു. സ്റ്റാലിൻ നേരിട്ട് വിളിച്ച് സ്നേഹം പ്രകടിപ്പിച്ചതും മാരി സെൽവരാജ് എടുത്തുപറഞ്ഞു.