അഞ്ച് ദിവസങ്ങൾക്കുള്ളിൽ 59.6 മില്യൺ വ്യൂസ്; സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടം; ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസായി 'സ്ട്രേഞ്ചർ തിങ്സ്'

Update: 2025-12-03 10:13 GMT

കൊച്ചി: നെറ്റ്ഫ്ലിക്സിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്: സീസൺ 5'. സ്ട്രീമിംഗ് ആരംഭിച്ച് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 59.6 മില്യൺ കാഴ്ചക്കാരെയാണ് സീരീസിന് ലഭിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ചരിത്രത്തിൽ ഒരു ഇംഗ്ലീഷ് സീരീസിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിംഗ് ആണിത്. ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ് എന്ന അതുല്യ നേട്ടവും ഈ പുതിയ സീസൺ കരസ്ഥമാക്കിയിട്ടുണ്ട്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'സ്ട്രേഞ്ചർ തിങ്സ്: സീസൺ 5' നവംബർ 27 പുലർച്ചെ 6.30 മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ഡഫർ ബ്രദേഴ്സ് ഒരുക്കിയ ഈ ജനപ്രിയ സീരീസ് മൂന്ന് ഭാഗങ്ങളായാണ് ആരാധകരിലേക്ക് എത്തുന്നത്. നിലവിൽ നാല് എപ്പിസോഡുകൾ ഉൾപ്പെടുന്ന ആദ്യ വോള്യം മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്. മൂന്ന് എപ്പിസോഡുകളുള്ള രണ്ടാം വോള്യം ഡിസംബർ 26-നും, ഈ ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമായ സീരീസിന്റെ അവസാന ഭാഗം ജനുവരി ഒന്നിനും നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. ആദ്യ വോള്യം കണ്ടിറങ്ങിയ പ്രേക്ഷകർ സമൂഹമാധ്യമങ്ങളിലൂടെ ഇതിനെ 'ബെസ്റ്റ് എവർ' സീസൺ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

2016-ൽ ആദ്യ സീസൺ സ്ട്രീമിംഗ് ആരംഭിച്ചതുമുതൽ, 'സ്ട്രേഞ്ചർ തിങ്സ്' അതിന്റെ വേറിട്ട കഥാപശ്ചാത്തലവും സവിശേഷമായ കഥപറച്ചിൽ രീതിയും അഭിനേതാക്കളുടെ മികച്ച പ്രകടനവും കൊണ്ട് ആഗോളതലത്തിൽ വലിയൊരു ആരാധകവൃന്ദത്തെ നേടുകയായിരുന്നു. 2017-ലും 2019-ലും തുടർന്നുള്ള സീസണുകൾ വിജയകരമായി പുറത്തിറങ്ങി. 2022-ൽ റിലീസ് ചെയ്ത നാലാം സീസൺ രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അഞ്ചാം സീസൺ ഈ പരമ്പരയുടെ അവസാന ഭാഗമാണ്. 

Tags:    

Similar News