ആക്ഷൻ ത്രില്ലറുമായി ആസിഫ് അലി; 'ടിക്കി ടാക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; 'കട്ട വെയിറ്റിംഗ്' എന്ന് ആരാധകർ
കൊച്ചി: പ്രേക്ഷകർ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ആസിഫ് അലി ചിത്രമായ 'ടിക്കി ടാക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നസ്ലിൻ, ലുക്മാൻ അവറാൻ, വാമിഖ ഗബ്രി, സഞ്ജന നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുറത്തുവന്ന പോസ്റ്റർ, സിനിമ ഹൈ-ഓക്ടേൻ ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്നു എന്ന സൂചന നൽകുന്നു.
ബോളിവുഡിലെ പ്രമുഖ നിർമ്മാതാക്കളായ ടി സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് 'ടിക്കി ടാക്ക'യുടെ നിർമ്മാണം. വെൽമെയ്ഡ് പ്രൊഡക്ഷൻസും അഡ്വഞ്ചർ കമ്പനിയും സഹനിർമ്മാതാക്കളാണ്. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം കെ.ജി.എഫ് പോലുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകിയ രവി ബസ്രൂർ ആണ് നിർവഹിക്കുന്നത്.
ഇന്തോനേഷ്യൻ ഫൈറ്റ് മാസ്റ്റർ ഉദേ നൻസ് ആണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നു. സിനിമയിൽ ഒട്ടനവധി സർപ്രൈസ് താരങ്ങളും അണിനിരക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തന്റെ കെ.ജി.എഫ് ആണ് 'ടിക്കി ടാക്ക'യെന്ന് ആസിഫ് അലി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'ടിക്കി ടാക്ക'യുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.