'പുതിയ ലോകത്തേയ്ക്കുള്ള ക്ഷണം, ഫ്രാഞ്ചൈസിയുടെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊള്ളുന്ന പേര്'; 'ലോക'യ്ക്ക് പേര് നൽകി വിനായക് ശശികുമാറിന് നന്ദി അറിയിച്ച് ടീം

Update: 2025-09-14 15:23 GMT

കൊച്ചി: ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫേറർ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ 'ലോക: ചാപ്റ്റർ വൺ - ചന്ദ്ര' എന്ന ചിത്രത്തിന് പേര് നൽകിയത് ഗാനരചയിതാവ് വിനായക് ശശികുമാർ ആണെന്ന് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ശാന്തി ബാലചന്ദ്രൻ ഈ വിവരം പുറത്തുവിട്ടിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രത്തിനാണ് 'ലോക' എന്ന് പേരിട്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പേര് നിർദ്ദേശിച്ചതിന് വിനായക് ശശികുമാറിനോട് നന്ദി അറിയിക്കുന്നതായി വേഫേറർ ഫിലിംസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 'പുതിയ ലോകത്തേയ്ക്കുള്ള ക്ഷണം, ഫ്രാഞ്ചൈസിയുടെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊള്ളുന്ന പേര്,' എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കുറിച്ചു. 'ശോക മൂകം' എന്ന ഗാനത്തിന്റെ രചനയുടെ ഭാഗമായി പ്രവർത്തിക്കുന്നതിനിടെയാണ് വിനായക് 'ലോക' എന്ന പേര് നിർദ്ദേശിച്ചതെന്ന് ശാന്തി ബാലചന്ദ്രൻ വിശദീകരിച്ചു.

നിരവധി പേരുകൾ പരിഗണിച്ചിട്ടും പൂർണ്ണ സംതൃപ്തി ലഭിക്കാതെയിരുന്ന ഘട്ടത്തിലാണ് 'ലോക' എന്ന പേര് അനുയോജ്യമായി തോന്നിയതെന്നും അവർ കൂട്ടിച്ചേർത്തു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക: ചാപ്റ്റർ വൺ - ചന്ദ്ര' ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ചിത്രം ഇതുവരെ 200 കോടി രൂപയിലധികം നേടിയതായാണ് റിപ്പോർട്ട്. 

Tags:    

Similar News