ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം 'കാന്ത'; ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് പുറത്ത്; 'റേജ്‌ ഓഫ് കാന്ത' ആലപിച്ചിരിക്കുന്നത് സിദ്ധാർഥ് ബസ്റൂർ

Update: 2025-10-30 14:33 GMT

കൊച്ചി: ദുൽഖർ സൽമാൻ നായകനാകുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് 'റേജ് ഓഫ് കാന്ത' പുറത്തിറങ്ങി. ഝാനു ചന്ദർ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധാർഥ് ബസ്റൂർ ആണ്. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം വേഫേറർ ഫിലിംസും സ്പിരിറ്റ് മീഡിയയും ചേർന്നാണ് നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവർ ചിത്രത്തിന്റെ നിർമ്മാതാക്കളാണ്. 'കാന്ത' നവംബർ 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. "കണ്മണീ നീ" എന്ന ഗാനം ദിവസങ്ങൾക്ക് മുൻപാണ് റിലീസ് ചെയ്തത്. ഈ ഗാനത്തിൽ ദുൽഖർ സൽമാനും നായിക ഭാഗ്യശ്രീ ബോർസെയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ ആയിരുന്നു ദൃശ്യവൽക്കരിച്ചത്.

'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങൾ എന്ന് ടീസർ സൂചിപ്പിക്കുന്നു. സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 1950-കളിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് 'കാന്ത'യുടെ കഥ നടക്കുന്നത്.

Full View

മലയാളത്തിൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ച വേഫേറർ ഫിലിംസിന്റെ ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തും. തെലുങ്കിൽ 'ലക്കി ഭാസ്കർ' എന്ന ചിത്രത്തിന് ശേഷം ദുൽഖർ നായകനാകുന്ന ചിത്രം കൂടിയാണ് ഇത്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം വേഫേറർ ഫിലിംസ് തന്നെയാണ് നിർവഹിക്കുന്നത്. ഡാനി സാഞ്ചസ് ലോപ്പസ് ഛായാഗ്രഹണവും ലെവെലിൻ ആന്റണി ഗോൺസാൽവേസ് എഡിറ്റിംഗും നിർവഹിക്കുന്നു.

Tags:    

Similar News