ഈ താടി ഇവിടെ ഇരുന്നാല്‍ ആര്‍ക്കാടാ പ്രശ്‌നം? വരുന്നത് ത്രില്ലര്‍ മൂവി; ചിരിയില്‍ തുടങ്ങി ഒടുക്കം സീരിയസ്; മോഹന്‍ലാല്‍ ചിത്രം തുടരും ട്രെയിലര്‍ പുറത്ത്; വീഡിയോ

Update: 2025-03-26 09:09 GMT

സ്‌ക്രീനില്‍ മാന്ത്രികത തുടരാന്‍ ‘തുടരും’ ട്രെയ്‌ലറുമായി മോഹന്‍ലാല്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. ചിരിപ്പിച്ച് കൊണ്ട് തുടങ്ങുന്ന ട്രെയ്‌ലര്‍ സസ്‌പെന്‍സുകള്‍ നിറച്ചാണ് എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഷണ്‍മുഖന്‍ എന്ന നായക കഥാപാത്രത്തിന് തന്റെ അംബാസിഡര്‍ കാറുമായുള്ള ആത്മബന്ധത്തെ കുറിച്ച് ട്രെയ്‌ലറില്‍ ഉടനീളം പരാമര്‍ശിക്കുന്നുണ്ട്.

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഫാമിലി ഡ്രാമ ഴോണറിലാണ് എത്തുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

Full View

അതേസമയം, ദൃശ്യം പോലൊരു സിനിമയാണ് തുടരും എന്ന് മോഹന്‍ലാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ”തുടരും എന്ന സിനിമ പുതിയ ഒരു സംവിധായകനാണ് ചെയ്യുന്നത്. വളരെ ബ്രില്യന്റായാണ് അദ്ദേഹം ആ സിനിമ ചെയ്തിരിക്കുന്നത്. അത് ദൃശ്യം പോലൊരു സിനിമയാണ്” എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Tags:    

Similar News